“എഡിഎച്ച്ഡിയെ ഒരു മാനസികരോഗമായാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്”; ഫഹദ് ഫാസിൽ

','

' ); } ?>

എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ബാധിതനാണെന്ന തുറന്നുപറച്ചിലിന് ശേഷം തന്റെ വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ. ‘ആവേശം’ സിനിമയുടെ റിലീസിന് ശേഷമാണ് തനിക്ക് നാൽപ്പതാം വയസ്സിൽ എഡിഎച്ച്ഡി സ്ഥിരീകരിച്ച കാര്യം ഫഹദ് ആദ്യമായി വെളിപ്പെടുത്തിയത്. തുടർന്ന് വിഷയം വലിയ ചർച്ചയായ പശ്ചാത്തലത്തിൽ, രോഗനിർണയത്തെക്കുറിച്ചും അതിനുശേഷമുള്ള അനുഭവങ്ങളെക്കുറിച്ചും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

രോഗാവസ്ഥയെക്കുറിച്ച് പരസ്യമായി പറഞ്ഞതോടെ ചില അകന്ന ബന്ധുക്കൾ ഭാര്യയോട് താൻ അക്രമാസക്തനാകാറുണ്ടോ എന്നും സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടോ എന്നും അന്വേഷിച്ചതായി ഫഹദ് പറഞ്ഞു. സമൂഹത്തിൽ പലരും എഡിഎച്ച്ഡിയെ ഒരു മാനസികരോഗമായാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ മാനസിക തയ്യാറെടുപ്പുകളോടെയാണ് താൻ ഇക്കാര്യം വെളിപ്പെടുത്തിയത് എന്നതിനാൽ ഇത്തരം ചോദ്യങ്ങളൊന്നും വ്യക്തിപരമായി ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തുറന്നുപറച്ചിൽ കൊണ്ട് നല്ല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കുട്ടികളുടെ മാതാപിതാക്കൾ നിരവധിയാളുകൾ തന്നോട് നന്ദി അറിയിച്ചെന്നും, വിഷയം തുറന്നു സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും ഫഹദ് കൂട്ടിച്ചേർത്തു.

തന്റെ ചെറുപ്പകാലത്തെ ബോർഡിങ് സ്കൂൾ ജീവിതവും അമേരിക്കയിലെ ഒറ്റയ്ക്കുള്ള പഠനകാലവുമാണ് ഈ അവസ്ഥ തിരിച്ചറിയാൻ വൈകിച്ചതെന്ന് താരം മുമ്പ് വ്യക്തമാക്കിയിരുന്നു. സ്വന്തം കാര്യങ്ങൾ തനിച്ച് കൈകാര്യം ചെയ്തു ശീലിച്ച പാറ്റേണുകളാണ് ജീവിതത്തിൽ ഉണ്ടായിരുന്നതെന്നും, എല്ലാവരുടെയും ജീവിതം ഇതുപോലെയാണെന്നാണ് താൻ കരുതപ്പെട്ടിരുന്നതെന്നും ഫഹദ് ഓർത്തെടുത്തു.

”എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഫാമിലി പരിപാടികളില്‍ അകന്ന ബന്ധുക്കളില്‍ ചിലര്‍ ഭാര്യയോട് അവന്‍ വയലന്റ് ആകാറുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു. അവര്‍ കരുതുന്നത് ഇതെന്തോ മാനസികരോഗമാണെന്നാണ്. ആ തുറന്നു പറച്ചിലോടെ വ്യക്തിപരമായി ഒന്നും മാറിയിട്ടില്ല. കാരണം ഞാന്‍ മാനസികമായി തയ്യാറായ ശേഷമാണ് അതേക്കുറിച്ച് സംസാരിച്ചത്. എന്നാല്‍ നിങ്ങള്‍ പറഞ്ഞത് വളരെ നന്നായെന്നും എന്റെ മകന്‍ അങ്ങനെയാണെന്നും പറഞ്ഞ ഒരുപാട് പേരുണ്ട്. ഒരു രീതിയില്‍ തുറന്ന് സംസാരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.” ഫഹദ് പറയുന്നു.