ഓം ശാന്തി ഓശാനയിലെ ‘മന്ദാരമേ’ എന്ന പാട്ടിലൂടെ മലയാളിയുടെ ഇഷ്ടം പിടിച്ചു പറ്റിയ ആളാണ് മനു മഞ്ജിത്ത് എന്ന ഗാനരചയിതാവ്. തുടര്‍ന്നിങ്ങോട്ട് അമ്പതിലധികം ഗാനങ്ങള്‍. തിരുവാവണി രാവ്, ഹാജി മസ്താന്‍, ലാലേട്ടാ, സല്‍സ, കുടുക്കുപൊട്ടിയ കുപ്പായം എന്ന് തുടങ്ങി എഴുതിയ പാട്ടെല്ലാം ഹിറ്റ്. കൂടാതെ ഷാന്‍ റഹ്മാന്‍-മനു മഞ്ജിത്ത് കൂട്ടുകെട്ടില്‍ ഇരുപതിലധികം ചിത്രങ്ങള്‍. വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആട് ഒരു ഭീകരജീവിയാണ്, വടക്കന്‍ സെല്‍ഫി, വേട്ട, കുഞ്ഞിരാമായണം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, കസബ, ആനന്ദം, ഗോദ, കക്ഷി അമ്മിണി പിള്ള, കുഞ്ഞിരാമന്റെ കല്ല്യാണം, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങി മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യും കഴിഞ്ഞ് ഇന്ന് ഹെലന്‍, അനുഗ്രഹീതന്‍ ആന്റണി വരെ എത്തി നില്‍ക്കുന്നു മനു മഞ്ജിത്ത് എന്ന ഹോമിയോ ഡോക്ടറുടെ സംഗീത ജീവിതം. തന്റെ പാട്ടെഴുത്തിന്റെ വഴികളെക്കുറിച്ച് സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുകയാണ് മനു മഞ്ജിത്ത്.
- പാട്ടെഴുത്തിന്റെ വഴിയിലേക്കെത്തിയത്?
കോഴിക്കോടിനെ കുറിച്ചൊരു പാട്ട്, ഭക്തി ഗാനങ്ങള്‍ ഇവയൊക്കെയായി നില്‍ക്കുമ്പോഴാണ് പതിയെ സിനിമയിലേക്കെത്തിയത്. ഓം ശാന്തി ഓശാനയാണ് ആദ്യമായി പാട്ടെഴുതിയ സിനിമ. ആ സിനിമയ്ക്ക് തിരക്കഥയൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് സ്‌കൂളില്‍ എന്റെ സീനിയറായിട്ട് പഠിച്ചതാണ്. പിന്നീട് മിഥുന്‍ സിനിമയിലെത്തിയെന്നറിഞ്ഞപ്പോള്‍ പാട്ടെഴുതാനായി ഞാന്‍ അവസരം ചോദിക്കുകയായിരുന്നു. മിഥുന്റേയും, ജൂഡ് ആന്റണിയുടേയും ആദ്യ സിനിമയായതിനാല്‍ അവര്‍ക്കും ഒരുപാട് പരിമിതിയുണ്ടായിരുന്നു. കുറേ പേരോട് പാട്ടെഴുതാന്‍ പറഞ്ഞ കൂട്ടത്തില്‍ പാട്ട് നന്നായി വന്നാല്‍ എടുക്കാമെന്ന് പറഞ്ഞ് എന്നോടും എഴുതാന്‍ ആവശ്യപ്പെട്ടു. മന്ദാരമേ… എന്ന പാട്ട് എഴുതി കഴിഞ്ഞപ്പോള്‍ അവസാനം വരെ ഇതുണ്ടാകും എന്ന് ഉറപ്പിക്കരുത് എന്നാണ് അവരപ്പോഴും പറഞ്ഞത്. സിനിമയിറങ്ങിയപ്പോള്‍ ആ പാട്ടും സംഭവിച്ചു. സിനിമ ഹിറ്റായ കൂട്ടത്തില്‍ പാട്ടും പ്രേക്ഷകര്‍ ഏറ്റെടുത്തു.
- സിനിമാ ഗാന രചനയുടെ ശൈലി?
സിനിമാ ഗാന രചന സാധാരണ എഴുത്തില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് കാര്യങ്ങള്‍ ഡിമാന്റ് ചെയ്യുന്നുണ്ട്. കഥ പറഞ്ഞു പോവുക, അല്ലെങ്കില്‍ ഒരു സീന്‍ വ്യക്തമാക്കുക അതല്ലെങ്കില്‍ വ്യക്തിത്വമുള്ള പാട്ടായി തന്നെ വേണം, അങ്ങനെ സംവിധായകനെന്താണോ ഉദ്ദേശിയ്ക്കുന്നത് എന്ന് വായിച്ചെടുക്കുക എന്നത് തന്നെയാണ് കാര്യം. പിന്നെ ആ സിനിമയുടെ സ്വഭാവമെന്താണ് എന്ന് മനസ്സിലാക്കണം. ആട് പോലൊരു സിനിമയ്ക്ക് വേണ്ടിയെഴുതുന്ന പാട്ടല്ല അരവിന്ദന്റെ അതിഥികള്‍ പോലൊരു സിനിമയ്‌ക്കോ, ലവ് ആക്ഷന്‍ ഡ്രാമയ്‌ക്കോ എഴുതുക. സംവിധായകനില്‍ നിന്ന് കിട്ടുന്ന ആശയത്തെ എങ്ങനെ നമ്മുടെ ആശയവുമായി കൂട്ടിചേര്‍ത്ത് മികച്ചതായി അവതരിപ്പിക്കുന്നു എന്നതാണ് കാര്യം. ഇന്നത്തെ കാലത്ത് ഒരു സിനിമയില്‍ തന്നെ പല ആളുകള്‍ പാട്ടെഴുതുന്നുണ്ട്. അപ്പോള്‍ എഴുതാനുള്ള സന്ദര്‍ഭം മാത്രമേ ചിലപ്പോള്‍ നമ്മളോട് പറയൂ. അപ്പോള്‍ കഥാപാത്രമെന്താണെന്നറിയാതെ, ആ സന്ദര്‍ഭത്തിലെങ്ങനെ എത്തിയെന്നറിയാതെ എഴുതിയാല്‍ കിട്ടില്ല. അതിനാല്‍ പരമാവധി തിരക്കഥ മനസ്സിലാക്കാന്‍ ശ്രമിയ്ക്കാറുണ്ട്.
- പാട്ടെഴുത്തിന്റെ പ്രചോദനം?
പഴയ സിനിമാ ഗാനങ്ങള്‍ കേള്‍ക്കുക എന്നത് തന്നെയാണ് പ്രചോദനം. പണ്ടത്തെ പോലെയല്ല മീറ്ററിന് എഴുതുക എന്നുള്ളതാണ് ഇന്ന്. ഏറ്റവും ഫലപ്രദമായി ഒരു കാര്യം എങ്ങനെ പറയാമെന്നാണ് നോക്കുന്നത്.
- കവിത എഴുതാറുണ്ടോ?
സ്‌കൂള്‍ കാലം തൊട്ടേ കവിത എഴുത്തുണ്ട്. ഗദ്യ സ്വഭാവമുള്ള അല്ലെങ്കില്‍ ആശയത്തിന് പ്രാധാന്യമുള്ളതാണ് കവിത. പാട്ടുമായി ബന്ധമില്ലാത്ത ഒന്നാണ് കവിത. മുന്‍പ് മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. കവിത എഴുതുമ്പോള്‍ താളവും ഈണവുമില്ലാത്ത ഒരു ശൈലി തന്നെയാണ് സ്വീകരിക്കാറ്.
- വായന?
നോവലുകള്‍ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ഹൈക്കു കവിതകളൊക്കെ വായിക്കാന്‍ ഇഷ്ടമാണ്.
- പഠനകാലം?
പത്ത് വരെ പഠിച്ചത് വയനാട്ടിലായിരുന്നു.പ്ലസ് ടു കോഴിക്കോടാണ് പഠിച്ചത്. ഹോമിയോപ്പതി കാരപ്പറമ്പ് ഗവണ്‍മെന്റ് കോളേജിലാണ് ചെയ്തത്. സൈക്യാട്രി എം.ഡി മംഗലാപുരത്ത് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നു.
- ഹോമിയോപ്പതിയും പാഷനായ സിനിമയും ഒന്നിച്ചു കൊണ്ടുപോകുന്നതിനെ കുറിച്ച്?
ഒരു രോഗിയുടെ എല്ലാ ജീവചരിത്രവും കേട്ടാണ് ഹോമിയോപ്പതി ചികിത്സ ചെയ്യുന്നത്. അതുപോലെ സിനിമയില്‍ എല്ലാ കാര്യവും കേട്ട് ആ സന്ദര്‍ഭത്തിനെന്താണോ വേണ്ടത് എന്ന് നോക്കി അങ്ങനെയുള്ള പാട്ടെഴുതി നല്‍കുന്നു. ഒന്ന് മരുന്നെഴുത്തും, ഒന്ന് പാട്ടെഴുത്തും എന്ന വ്യത്യാസമേയുള്ളൂ. രണ്ടിടത്തും കഥ കേള്‍ക്കുക എന്നതാണ് കാര്യം. എന്നെ പോലെ കുറേ ഡോക്ടര്‍മാര്‍ മലയാള സിനിമയിലുണ്ട്. എന്നെ സംബന്ധിച്ച് രണ്ടും ഒരുപോലെ ആസ്വദിക്കുന്നുണ്ട്
- ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ പാട്ട് വൈറലായി കഴിഞ്ഞു..വരികളെ കുറിച്ച്?
ഒരു തമാശ സന്ദര്‍ഭമായിട്ടാണ് എന്നോട് പറഞ്ഞുതന്നത്. ഡി.ജെ ക്ക് ഉള്ള പാട്ടായതിനാല്‍ അവിടെ എന്തുമാകാം എന്നും പറഞ്ഞു. പക്ഷേ പണ്ട് പ്രേമിച്ചവളുടെ കല്ല്യാണത്തിന് പോകുന്ന വളരെ കെയര്‍ലെസ്സും ഉഴപ്പനുമായി നടക്കുന്ന ഒരാള്‍. ആ കല്ല്യാണത്തിന് തന്നെ അയാളുടെ അമ്മയൊക്കെ ആഘോഷമായിട്ട് പങ്കെടുക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ എനിയ്ക്ക് രസമായി തോന്നി. കുടുക്ക് പൊട്ടിയ കുപ്പായം… ഉടുത്ത് മണ്ട്ണ കാലത്തേ …മിടുക്കി പെണ്ണേ …എന്നുടെ നെഞ്ചിന്‍ നടുക്കിരുന്നവളാണേ നീ… ആ ആദ്യവരിയാണ് ആദ്യം കിട്ടിയത്. പിന്നെ പാട്ടായി.
- ട്യൂണിനനുസരിച്ച് എഴുതാനാണോ താല്‍പ്പര്യം?
ട്യൂണിനനുസരിച്ച് എഴുതുന്നതാണ് കംഫര്‍ട്ടബിള്‍. എന്നാല്‍ ട്യൂണിടാതെ എഴുതിയ പാട്ടുകള്‍ പുറത്തിറങ്ങുമ്പോള്‍ അതല്ലേ നല്ലതെന്ന് തോന്നാറുണ്ട്. പക്ഷേ ട്യൂണിട്ട് എഴുതാനാണ് എളുപ്പം. ഒരു മീറ്ററുണ്ടെങ്കില്‍ ആ മീറ്ററില്‍ മാത്രം വരുന്ന വാക്കുകള്‍ ആലോചിച്ചാല്‍ മതിയെന്ന സൗകര്യമുണ്ട്. അതല്ലാതെ കാര്യങ്ങള്‍ നന്നായി വിശദീകരിച്ചാലും എളുപ്പമാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ തിരുവാവണി രാവ് ട്യൂണിടാതെ എഴുതിയ പാട്ടാണ്. ആ ഗാനം എഴുതാന്‍ അത്രമാത്രം നമ്മളെ പിടിച്ചു നിര്‍ത്തുന്ന ഒരു സന്ദര്‍ഭമുണ്ടായിരുന്നു. ആടിലെ തീം സോംഗ് ഹാജി മസ്താന്‍ സലാം വെയ്ക്കും…സര്‍ബത്ത് സമീറിന്റെ ഇന്‍ട്രോ സോംഗ്…ഇവയെല്ലാം എഴുതിയതിന് ശേഷം ട്യൂണ്‍ ചെയ്ത പാട്ടുകളാണ്.
- നാട്ടുഭാഷയുടെ വഴക്കവും ചന്തവും കൃത്യമായിട്ടുപയോഗിക്കാറുണ്ട് …കുടുക്ക് പാട്ടിലെ മണ്ട്ണ എന്ന പ്രയോഗം, കക്ഷി അമ്മിണിപിള്ളയിലെ ഉയ്യാരം, പയ്യാരം, മക്കാറും പുക്കാറും ഈ വാക്കുകളൊക്കെ ഉപയോഗിക്കാനുള്ള ധൈര്യം?
മണ്ടുക എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചിട്ട് എഫ്.എമ്മില്‍ നിന്ന് വരെ എന്നെ വിളിച്ചിട്ടുണ്ട്. എറണാകുളത്തൊന്നും ഈ വാക്ക് അത്ര പരിചിതമല്ലെന്ന് അപ്പോള്‍ ആണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉയ്യാരം പയ്യാരം ഉപയോഗിച്ചതെന്ത് കൊണ്ടെന്നാല്‍ തലശ്ശേരി കേന്ദ്രീകരിച്ചുള്ള സിനിമയാണത്. അച്ഛന്റെ വീട് വടകരയായതിനാല്‍ കുട്ടികാലത്തേ ഞാന്‍ കേട്ടിട്ടുള്ള വാക്കാണ് ഉയ്യാരം കൂട്ടല്ലേ എന്നത്്. നമുക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യം ചെയ്യുമ്പോള്‍ കിട്ടുന്ന ത്രില്‍ ഉണ്ടെന്നതിനാലാണ് അതിനെയൊക്കെ സിനിമയിലേക്ക് കൂട്ടുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ നമസ്‌കരിക്കുന്ന പാട്ടുകളാണ് ഭാസ്‌കരന്‍ മാസ്റ്ററുടെ പാട്ടുകള്‍. ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം പോത്ത് പോലെ വളര്‍ന്നല്ലോ…എന്നെഴുതിയിട്ടുണ്ട്. പോത്ത് എന്ന വാക്ക് ഗുണദോഷിയ്ക്കുന്ന സമയത്തൊക്കെയാണ് കേട്ടിട്ടുള്ളത്. അമ്മമാര്‍ മക്കളോടൊക്കെ ‘നീ പോത്ത് പോലെ വളര്‍ന്നല്ലോ’ എന്ന് പറയാറുണ്ട്. എത്ര മനോഹരമായാണ് നമ്മുടെ ഉള്ളില്‍ തോന്നി പോയ ഒരു പ്രണയത്തെ നിയന്ത്രിക്കാന്‍ പറ്റാത്ത അത്ര വളര്‍ന്ന് പോയി എന്നുപമിച്ചത്. ആ വരിയുടെ ഭംഗിയെന്ന് പറയുന്നത് നമ്മുടെ അടുത്ത് നിന്ന് ആരോ പറയുന്ന പോലുള്ള ഒരു ഭംഗിയാണ്. കുടുക്ക് പാട്ടില്‍ തന്നെ ‘പടക്ക പീടിക കത്തുന്നേ’ എന്ന വാക്ക് എല്ലാം തന്നെ അങ്ങനെ ഉപയോഗിച്ചതാണ്. അത്തരം പാട്ടെഴുതാനും ഇഷ്ടമാണ്.
- കക്ഷി അമ്മിണിപ്പിള്ളയില്‍ തന്നെ തലശ്ശേരിയെ കുറിച്ചൊരു പാട്ടുണ്ട്. തലശ്ശേരിയുടെ രുചിയും ഗന്ധവുമെല്ലാം വരികളില്‍ നിറച്ചതെങ്ങനെയാണ്?
തലശ്ശേരി ഒരുപാട് സുഹൃത്തുക്കളുണ്ട്. നമുക്ക് അറിയാവുന്ന സ്ഥലമാണ്. പിന്നെ അത്തരം പാട്ടെഴുതുമ്പോള്‍ പ്രധാനപ്പെട്ട ഒന്നും വിട്ടുപോവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
- പൂമാതൈ പൊന്നമ്മ പാട്ടേട്ടാല്…എന്ന ഉടലാഴത്തിലെ ഗാനം വ്യത്യസ്തമായ ശൈലിയിലുള്ള ഗാനമാണല്ലോ?
ആ പാട്ടിനെ കുറിച്ച് ചോദിച്ചതില്‍ തന്നെ സന്തോഷം. പൂമാതൈ പൊന്നമ്മ ഒരു മിത്ത് ആണ്. അത് നമ്മുടേതായ രീതിയില്‍ എങ്ങനെ പറയാം എന്നാണ് ശ്രമിച്ചത്. സിത്താര കൃഷ്ണകുമാറും മിഥുനുമാണ് കംപോസ് ചെയ്തത്. നമ്മള്‍ സര്‍ഗ്ഗാത്മകത കൂടുതലായി നോക്കുമ്പോള്‍ വാണിജ്യപരമായി കൂടെ അത് നില്‍ക്കുമോ എന്ന് ആലോചിക്കാറുണ്ട്. പക്ഷേ വാണിജ്യപരമായ കാര്യങ്ങള്‍ക്കപ്പുറം ക്രിയേറ്റിവിറ്റി തന്നെയാണ് ആ സിനിമയില്‍ അവര്‍ നോക്കിയത്. ആ സ്വാതന്ത്ര്യം തന്നെയാണ് പാട്ട് നന്നാകാന്‍ കാര്യം. നല്ല കരുത്തുള്ള കഥയായത് കൊണ്ട് അത്തരം ഭാഷയും ഉപയോഗിക്കാനുള്ള അവസരമുണ്ടായിരുന്നു. അങ്ങനെ മൊത്തത്തില്‍ വന്നപ്പോള്‍ പാട്ടും സിനിമയും നന്നായി.
- എടക്കാട് ബറ്റാലിയന്‍ 06ല്‍ ഷെഹനായ് ഗാനവും, മൂകമായ് എന്ന ഗാനവും…കഴിഞ്ഞ ഓണത്തിന് മൂന്ന് ചിത്രങ്ങള്‍…തിരക്കായോ?
സിനിമ ഞാനൊരിയ്ക്കലും പ്രൊഫഷന്‍ ആയെടുത്തിട്ടില്ല. ഞാനൊരു ഡോക്ടറാണ്. സിനിമയൊരു പാഷന്‍ ആണ്. എല്ലാ സിനിമയുടേയും പിറകെ ഓടുന്നില്ല. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ, അല്ലെങ്കില്‍ അറിയുന്ന ആളുകള്‍ സിനിമ ചെയ്യുമ്പോള്‍ എല്ലാമാണ് പാട്ടുകള്‍ എഴുതുന്നത്. ഓണത്തിന് കൈലാസ് കംപോസ് ചെയ്ത ഫൈനല്‍സിലെ ഗാനങ്ങള്‍ ശ്രദ്ധിയ്ക്കപ്പെട്ടു. അതിലെ മറ്റൊരു സന്തോഷം ഗിരീഷേട്ടന്റെ (ഗിരീഷ് പുത്തഞ്ചേരി) ഒരു പാട്ട് ആ സിനിമയിലുണ്ട്. അദ്ദേഹത്തിന്റെ പേരിനൊപ്പം എന്റെ പേര് വന്നത് തന്നെ ഭാഗ്യമായി കാണുന്നു. അദ്ദേഹമൊക്കെയാണ് പാട്ടെഴുത്തിലേക്ക് വരാനുള്ള പ്രചോദനം. ഇട്ടിമാണിയില്‍ അമ്മയെ കുറിച്ചൊരു പാട്ട് എഴുതി. ലവ് ആക്ഷന്‍ ഡ്രാമയില്‍ രണ്ട് പാട്ട്.
- തീവണ്ടിയിലെ ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ഗാനം ആ സിനിമയുടെ പ്രമേയം തന്നെയാണ്. അതിനെക്കുറിച്ച്?
കുഞ്ഞിരാമായണത്തില്‍ കള്ളുകുടിയുമായി ബന്ധപ്പെട്ട് ഒരു സല്‍സ പാട്ട് എഴുതിയിട്ടുണ്ട്. അതിന് ശേഷം സിഗരറ്റ് വലിയെ കുറിച്ചൊരു ഗാനം എഴുതി. ആട് 2ല്‍ ചങ്ങാതി നന്നായാല്‍ എന്ന ഐറ്റം ഗാനമെഴുതി. തീവണ്ടിയുടെ സന്ദര്‍ഭമാണ് രസകരം. ഒരു ചങ്ങാതി സിഗരറ്റ് വലി നിര്‍ത്താന്‍ നോക്കുന്നു, അവന്‍ സിഗരറ്റ് വലിച്ച് കാണാന്‍ ഒരു കൂട്ടര്‍, വലിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ഒരു വിഭാഗം. ഈ സന്ദര്‍ഭത്തില്‍ എല്ലാം തന്നെ രസമുണ്ട്. എന്റെ കൂട്ടുകാരൊക്കെ പുകലിക്കുമ്പോള്‍ ആ മുറിയിലേക്ക് കയറിയാല്‍ തന്നെ ചുറ്റും പുകയായിരിക്കും. അപ്പോള്‍ അവരോട് ഞാന്‍ തന്നെ ചോദിക്കാറുണ്ട് ‘ഗന്ധര്‍വ്വ ലോകമാണോ’ എന്ന്. ഒന്നായി രണ്ടായി പിന്നെ അതിനെണ്ണം കിട്ടാതായി…ഒരു ഗന്ധര്‍വ്വലോകത്തെന്നോണം പുക വട്ടം ചുറ്റീലേ…. എന്നൊക്കെ അങ്ങനെയെഴുതിയതാണ്.
- ആട് എന്ന ചിത്രത്തിലെ കൊടി കയറണ പൂരമായി, ചിങ്കാരി ആട് ഈ രണ്ട് ഗാനവും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആട് 2 വെല്ലുവിളിയായിരുന്നില്ലേ?
ആടെടാ ആട്ടം നീ പാടെടാ പാട്ട് എന്ന ആട് 2ലെ ഗാനം വെല്ലുവിളിയായിരുന്നു. കാരണം ആട് ചെയ്യുമ്പോള്‍ തീര്‍ത്തും ഫ്രീ ആയിരുന്നു. നമുക്ക് രസകരമായി തോന്നുന്ന ആശയമെല്ലാം വെച്ചാണ് അത് ചെയ്തത്. എനിയ്ക്കും ഷാനിക്കയ്ക്കും(ഷാന്‍ റഹ്മാന്‍) ആടിന്റെ കഥ ഒരു കാര്‍ യാത്രയിലാണ് പറഞ്ഞു തരുന്നത്. ഓരോ കഥാപാത്രത്തെ പറ്റി പറയുമ്പോഴും നമ്മള്‍ ചിരിയ്ക്കുകയാണ്. ഷാനിക്ക കംപോസ് ചെയ്യുന്നതും ഞാന്‍ എഴുതുന്നതും ആ എനര്‍ജിയില്‍ തന്നെയാണ്. മദയാന കൊമ്പിലൂഞ്ഞാലിടും… സൂര്യനെ വരെ വലിച്ച് താഴെയിടും… അങ്ങനെ തന്നെയാണ് മിഥുനും പറഞ്ഞ് തന്നത്. അതിന് ശേഷം എന്നോട് ആട് 2 എന്ന് പറഞ്ഞപ്പോഴേ എന്റെ മനസ്സിലേക്ക് വന്നത് ‘ഇതിന്റെ ബാക്കി എന്തെഴുതും പടച്ചോനേ’ എന്നായിരുന്നു. കംപോസ് ചെയ്യട്ടെ നോക്കാം എന്ന നിലയില്‍ കാത്തിരുന്നു. കംപോസ് ചെയ്തപ്പോള്‍ നല്ല എനര്‍ജിയുണ്ടായിരുന്നതിനാല്‍ എഴുത്തിലും അത് വന്നു. ചങ്കൂറ്റമൊന്ന് കൊണ്ട് ചങ്ങാടമൊന്ന് കെട്ടിയേ…എന്നൊക്കെ അങ്ങനെ എഴുതിയതാണ്.
- സന്ദര്‍ഭമനുസരിച്ച് എഴുതുന്നതിലാണോ സംതൃപ്തി?
അങ്ങിനെയല്ല. ഉദാഹരണത്തിന് അരവിന്ദന്റെ അതിഥികളിലെ കൃപാകരി എന്ന പാട്ടിന് സന്ദര്‍ഭവുമായൊന്നും വലിയ ബന്ധമില്ല. എന്നാല്‍ ആ പാട്ടിന് തന്നെ ഒരു വ്യക്തിത്വം ഉണ്ട്. അതേസമയം വെറുതേ മൂകാംബികയെ കുറിച്ചെഴുതുന്ന പാട്ടല്ല എന്ന് തന്നെയാണ് സംവിധായകനും വിശദീകരിച്ച് തന്നത്. മൂകാബികയിലേക്ക് ഒരാളെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ളൊരു ഗാനമാണത്. മോഹന്‍ലാല്‍ എന്ന സിനിമയിലെ ലാലേട്ടാ എന്ന പാട്ടിനും അതേ പോലെ വ്യക്തിത്വമുണ്ട്. ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെയാണ് ലാലേട്ടനെ കാണുന്നത്. അതേ സമയം എല്ലാവരുമായും ഗാനത്തിന് ബന്ധമുണ്ടാവണം. തിരുവാവണി രാവ് ആണെങ്കിലും അതേ പോലെ വ്യക്തിത്വമുള്ള പാട്ടാണ്.
- കൂടെ വര്‍ക്ക് ചെയ്ത സംഗീത സംവിധായകരെ കുറിച്ച് ?
ഇരുപത് സിനിമകള്‍ ഷാനിക്കയുടെ (ഷാന്‍ റഹ്മാന്‍) കൂടെ ചെയ്തു. കുറേ വര്‍ക്ക് ചെയ്യുമ്പോള്‍ ഷാനിക്ക എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വേഗം മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. ഷാനിക്ക ട്യൂണ്‍ അയച്ച് തന്ന് ‘നീ എവിടെ നിന്ന് വേണമെങ്കിലും എഴുതിക്കോ’ എന്ന് പറയും. രാഹുല്‍ രാജ് ആണെങ്കില്‍ ‘നീ ഇങ്ങോട്ട് വാ ഒന്നിച്ച് ചെയ്യാം’ എന്ന് പറയും. അപ്പോള്‍ പരസ്പ്പരം പറഞ്ഞ് ചെയ്യുന്നതിന്റെ എക്‌സ്പീരിയന്‍സ് മറ്റൊന്നാണ്. കൈലാസ് ആണെങ്കില്‍ വളരെ നയപരമായിട്ട് ‘അങ്ങനെയൊരു വാക്കല്ല അവിടെ വേണ്ടതെന്ന് തോന്നുന്നു’ ഈ രീതിയിലാണ് പറയുക. അങ്ങനെ സംസാരിച്ച് സംസാരിച്ച് പലപ്പോഴും പാട്ടുണ്ടാകുന്നതറിയില്ല. ഒരു ജോലി ചെയ്യുന്ന ഭാരമൊന്നുമില്ലാതെ സ്വാഭാവികമായി പാട്ടുണ്ടാവുകയാണ്.
- ഇനി ആരുടെ കൂടെ വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്?
ഏതൊരു മലയാളിയോട് ചോദിച്ചാലും പറയുന്നത്‌പോലെ യേശുദാസ് സാറിന്റെ ഒരു പാട്ട് എന്നത് ഒരു ആഗ്രഹമാണ്. പിന്നെ സംഗീത സംവിധായകരാണെങ്കില്‍ എല്ലാവരുടെ കൂടെയും വര്‍ക്ക് ചെയ്യണമെന്നാണ് ആഗ്രഹം. കാരണം ഓരോരുത്തരുടെ കൂടെയും വ്യത്യസ്തമായ അനുഭവപരിചയമുണ്ടാകുന്നത് നല്ലതാണ്. അതിലൂടെ നമ്മളിത്‌വരെ ആലോചിക്കാത്ത കാര്യങ്ങള്‍ പോലും പഠിക്കാന്‍ കഴിയും.
- വരാനിരിക്കുന്ന ചിത്രങ്ങള്‍?
അനുഗ്രഹീതന്‍ ആന്റണി, മിന്നല്‍ മുരളി തുടങ്ങി കുറച്ച് ചിത്രങ്ങളുണ്ട്.
- പഠന സമയത്തെ നാടക അഭിനയവും കാര്യങ്ങളും ഉപേക്ഷിച്ചോ?
നാലാം ക്ലാസ് മുതല്‍ അഭിനയത്തോടായിരുന്നു താല്‍പ്പര്യം. ഇപ്പോള്‍ പാട്ടെഴുത്ത് വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്. അതങ്ങനെ പോട്ടെ.
- ചെയ്തതില്‍ ഏറ്റവും സംതൃപ്തി തോന്നിയ പാട്ട്.. സംതൃപ്തിയോടെ ചെയ്തിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ പാട്ട്?
ഓരോ പാട്ടും സംതൃപ്തി തോന്നിയതിന് പല കാരണങ്ങളാണ്. അതൊരിയ്ക്കലും താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. മന്ദാരമേ…എന്റെ ആദ്യ പാട്ടാണ്…ലാല്‍ ജോസ് സാറിന്റെ വിക്രമാദിത്യനിലെ അന്തിചോപ്പില്‍ എന്ന ഗാനം എനിക്ക് ബ്രെയ്ക്ക് തന്നൊരു പാട്ടാണ്. പിന്നെ ഓര്‍മ്മയുണ്ടോ മുഖം എന്ന ചിത്രത്തിലെ ദൂരെ ദൂരെ എന്ന ഗാനം, ലാലേട്ടനെ കുറിച്ച് പാട്ടെഴുതുന്നു, ഓണത്തെ കുറിച്ച് അങ്ങനെ നോക്കിയാല്‍ ഓരോ പാട്ടും പലതരത്തില്‍ സ്‌പെഷ്യലാണ്. ഇട്ടിമാണിയിലെ വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ എന്ന അമ്മയെക്കുറിച്ചുള്ള ഗാനം വളരെ ആസ്വദിച്ച് ചെയ്ത പാട്ടാണ്. ഒരുപാട് സ്‌നേഹിച്ച് ചെയ്ത പാട്ട് പക്ഷേ എത്രമാത്രം ആളുകള്‍ കേട്ടിട്ടുണ്ട് എന്നത് സംശയമാണ്.
- ഫാമിലി ?
അച്ഛന്‍ ബാങ്ക് മാനേജരായിരുന്നു. അമ്മ സ്‌കൂള്‍ ടീച്ചറായിരുന്നു. ഭാര്യ ഹിമ ആയുര്‍വേദ ഡോക്ടറാണ്. ഞങ്ങള്‍ കല്ല്യാണി എന്ന് വിളിക്കുന്ന മകള്‍ പ്രണതിക്ക് രണ്ട് വയസ്സായി.