ഇവിടെ എല്ലാം ‘മനോഹരം’

','

' ); } ?>

ഓര്‍മ്മയുണ്ടോ ഈ മുഖം? എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ്- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങിയ രണ്ടാമത്തെ ചിത്രമാണ് മനോഹരം. ആദ്യ ചിത്രത്തില്‍ നഗരമാണ് കഥ പറയാന്‍ തെരഞ്ഞെടുത്തതെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ ഗ്രാമീണ പശ്ചാത്തലമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പാലക്കാട്, നെന്‍മാറ എന്നിവയുടെയെല്ലാം ചന്തത്തിനൊപ്പമാണ് കഥ പറഞ്ഞു പോകുന്നത്. നന്നായി വരയ്ക്കുമെങ്കിലും കുഞ്ഞുനാള്‍ മുതലേ അപകര്‍ഷതാ ബോധമുള്ള ആളാണ് മനോഹരന്‍. കാലത്തിനൊപ്പം പുതുക്കാന്‍ തയ്യാറല്ലെങ്കിലും മനോഹരന്‍ മികച്ച കലാകരനാണ്. ഫഌക്‌സും, ഡിജിറ്റല്‍ പ്രിന്റിംഗും സജീവമായ കാലത്ത് അപ്‌ഡേറ്റ് ചെയ്യാന്‍ തയ്യാറാവാത്ത കലാകരന്റെ ജീവിത പരാജയമാണ് സിനിമയുടെ പ്രമേയം.

അപ്‌ഡേറ്റ് ചെയ്യേണ്ടത് സാങ്കേതിക വിദ്യയില്‍ മാത്രമല്ലെന്നും സ്വയം നവീകരിക്കപ്പെടുകയുമാണ് വേണ്ടതെന്നും ചിത്രം പറയുന്നു. വലിയ ട്വിസ്റ്റുകളൊന്നുമില്ലെങ്കിലും ഒഴുക്കോടെ കണ്ടിരിക്കാവുന്ന മനോഹര ചിത്രം തന്നെയാണ് മനോഹരം. തനി നാട്ടിന്‍ പുറത്തുകാരനായി വിനീതും, ഒപ്പം ഞാന്‍ പ്രകാശനിലൂടെയെത്തിയ അപര്‍ണദാസ് പുതുമുഖ നായികയാകുന്നതിന്റെ കുഴപ്പങ്ങളേതുമില്ലാതെ തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ബേസില്‍, ദീപക് പറമ്പോള്‍, അഹമ്മദ് സിദ്ദിഖ് തുടങ്ങീ സിനിമയിലെ സൗഹൃദവലയം അതേ പോലെ തന്നെ അവരവരുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഹരീഷ് പേരടി ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്ഥമായി പാലക്കാടന്‍ ഭാഷയോടെ തന്റെ കഥാപാത്രം ഗംഭീരമാക്കിയപ്പോള്‍ ഇന്ദ്രന്‍സ്, ഡല്‍ഹി ഗണേഷ്, ശ്രീലക്ഷ്മി, നന്ദിനി ഇവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു.

പാലക്കാടിന്റെ ദൃശ്യ ഭംഗിയും നെന്‍മാറ ഉത്സവത്തിന്റെ കാഴ്ച്ച ചന്തവും പകര്‍ത്തിയ ജെബിന്‍ ജേക്കബിന്റെ ഛായാഗ്രഹണം, സാമുവല്‍ എബിയുടെ പശ്ചാത്തല സംഗീതം, സജീവ് തോമസ്സിന്റെ സംഗീതം, നിതിന്‍ രാജിന്റെ എഡിറ്റിംഗ് ഇവയും നന്നായിരുന്നു. വലിയ സംഭവവികാസങ്ങളോ വിശാലമായ കഥാഗതിയ്‌ക്കോ അപ്പുറം ചെറിയ ആശയത്തെ ആറ്റിക്കുറുക്കിയൊരുക്കിയ തിരക്കഥ തന്നെയാണ് മനോഹരത്തിന്റെ പ്രത്യേകത. കഥയില്‍ പ്രണയം സംഭവിയ്ക്കുന്നത് അല്‍പ്പം സ്വാഭാവികതയോടെ അവതരിപ്പിക്കാമായിരുന്നുവെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. അതേസമയം തീരെ ഇഴച്ചിലില്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ മനോഹരത്തിന് കഴിയുന്നുണ്ട്. ജീവിതമെന്നത് ഫോട്ടോഷോപ്പിന്റെ ക്യാന്‍വാസ് പോലെയാണ് നമ്മുടെ ഉള്ളിലുള്ള വര്‍ണങ്ങളാലാണ് അത് വര്‍ണ്ണാഭമാക്കേണ്ടതെന്ന് ചിത്രം പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേയ്ക്ക് ആത്മാര്‍ത്ഥമായി നോക്കുമ്പോള്‍ ഇവിടെ എല്ലാം മനോഹരമായി തന്നെ അനുഭവപ്പെടുമെന്ന് ഓര്‍മ്മിപ്പിച്ച് ചിത്രം അവസാനിയ്ക്കുന്നു.