മഞ്ജു വാര്യര്‍ ഇന്ന് മൊഴി നല്‍കിയേക്കും, അന്വേഷണം തുടങ്ങി

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള നടി മഞ്ജു വാര്യരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസന്‍ മഞ്ജു വാര്യരോടും ശ്രീകുമാര്‍മേനോനോടും മൊഴിയെടുക്കലിന് ഹാജരാവാന്‍ നിര്‍ദേശിച്ചു. മൊഴിയെടുക്കാന്‍ മഞ്ജു ഇന്ന് ഹാജരായേക്കുമെന്നാണ് സൂചന. അടുത്ത ദിവസംതന്നെ ഹാജരാവാനാണ് ശ്രീകുമാര്‍ മേനോനോടും ആവശ്യപ്പെട്ടിട്ടുള്ളത്.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ ആരോപണങ്ങളുടെ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തിട്ടുള്ളത്.

ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും മഞ്ജു പരാതിയില്‍ ആരോപിക്കുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്.