‘എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല’ 10 ഇയര്‍ ചാലഞ്ചുമായി മംമ്ത മോഹന്‍ദാസ്

ലോക ക്യാന്‍സര്‍ ദിനത്തില്‍ പത്തു വര്‍ഷത്തെ ക്യാന്‍സര്‍ അനുഭവം തുറന്നു പറയുകയാണ് നടി മംമ്ത മോഹന്‍ദാസ്. ഫേസ്ബുക്കിന്റെ പത്തുവര്‍ഷ ചലഞ്ച് ഏറ്റെടുത്ത്, അവര്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും വൈറലായി മാറിയിരിക്കുകയാണ്. ക്യാന്‍സര്‍ ബാധിതയായ 2009 ലെ തന്റെ ചിത്രവും രോഗത്തോട് പോരാടി ജയിച്ച പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചിത്രവുമാണ് മംമ്ത പങ്കുവെച്ചിരിക്കുന്നത്.

‘എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല’.എന്ന് പറഞ്ഞാണ് മംമ്ത തന്റെ കുറിപ്പാരംഭിക്കുന്നത്. ‘2009 എന്റെയും എന്റെ കുടുംബത്തിന്റെയും മൊത്തം പദ്ധതികളെ മാറ്റിമറിച്ച വര്‍ഷമാണ്. ഏറെ വെല്ലുവിളിനിറഞ്ഞ പത്തുവര്‍ഷമാണ് കടന്നുപോയത്. എന്നാലിന്ന്, 2019ല്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കേറെ സംതൃപ്തി തോന്നുന്നു. ഞാന്‍ ശക്തമായി പോരാടി തടസ്സങ്ങളെ അതിജീവിച്ചു. വര്‍ഷങ്ങളോളം പോസിറ്റീവ് ആയിരിക്കുക എന്നത് അത്ര എളുപ്പമല്ല, പക്ഷേ, ഞാനത് സാധിച്ചു. കുറച്ചാളുകള്‍ അതിനായി എന്നെ സഹായിച്ചു. ഞാനവരോട് നന്ദി പറയുന്നു. പ്രത്യേകിച്ച് എന്റെ അച്ഛനമ്മമാരോട്.

സഹോദര സ്‌നേഹം തന്ന എന്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന എന്റെ ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍. ഒപ്പം നിന്ന സഹപ്രവര്‍ത്തകര്‍. കൂടുതല്‍ മനോഹരമായി ചെയ്തു തീര്‍ക്കാന്‍ വെല്ലുവിളിച്ച് അവര്‍ എനിക്കുതന്ന അവസരങ്ങള്‍.. എല്ലാത്തിനും നന്ദി’.