ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍

','

' ); } ?>

x

മമ്മൂട്ടിയുടെയും പ്രിയ പത്‌നി സുല്‍ഫത്തിന്റെയും പ്രണയ ജീവിത യാത്ര 41-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആശംസകളുമായ് മോഹന്‍ലാല്‍. നിരവധി ആരാധകര്‍ സ്‌നേഹ സന്ദേശങ്ങളുമായെത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ആശംസയ്ക്ക് അല്‍പ്പം മധുരവും സ്‌നേഹവും കൂടുതലാണെന്ന് പോസ്റ്റ് വായിച്ച ആര്‍ക്കും തോന്നും. ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടേയും ഭാര്യയുടേയും പെന്‍സില്‍ സ്‌കെച്ചിനൊപ്പമാണ് വിവാഹവാര്‍ഷിക ആശംസകളറിയിച്ചത്. 1979 മേയ് ആറിനാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടി വിവാഹത്തിന് മുന്‍പ് വേഷമിട്ടത് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ ചിത്രങ്ങളിലായിരുന്നു. ആ സിനിമകളിലെ മമ്മൂട്ടിയുടെ ചെറിയ വേഷങ്ങള്‍ അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അഭിഭാഷകന്റെ ജോലി വിട്ട് നടനാകുക എന്ന മമ്മൂട്ടിയുടെ മോഹത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് സുല്‍ഫത്തായിരുന്നു.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. പിന്നീട് മമ്മൂട്ടി എന്ന നടന്‍ വളരുകയായിരുന്നു.

മികച്ച നടനുള്ള ദേശീയപുരസ്‌കാരം മമ്മൂട്ടി മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2010 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു. സുറുമിയാണ് മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ മൂത്ത മകള്‍. സുറുമിയേക്കാള്‍ നാല് വയസ്സില്‍ ഇളയതാണ് ദുല്‍ഖര്‍ സല്‍മാന്‍.