
ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. നിർമ്മാതാക്കൾ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. മമ്മൂട്ടിയുടെ 2026ലെ പ്രധാന പ്രൊജക്റ്റ് ആയിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ‘ഏറ്റവും സമ്പന്നൻ ആയ ക്രിമിനൽ’ എന്ന വിശേഷണമുള്ള ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രമാകും മമ്മൂട്ടി ചെയ്യുകയെന്നും റിപ്പോർട്ട് ഉണ്ട്.
ചിത്രത്തിന്റെ സംവിധായകൻ, മറ്റ് അണിയറ പ്രവർത്തകർ എന്നിവരുടെ വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വിടും. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം “പാട്രിയറ്റ്” പൂർത്തിയായ ശേഷം നിതിഷ് സഹദേവ് ചിത്രമാകും മമ്മൂട്ടി ചെയ്യുക. ഒരു തെലുങ്ക് ചിത്രവും രഞ്ജിത്ത് ഒരുക്കുന്ന ചിത്രവും മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്. ആന്റണി വർഗീസ് നായകനായ ‘കാട്ടാളൻ’ ആണ് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ് നിലവിൽ നിർമിക്കുന്ന ചിത്രം.
അതേ സമയം മാർക്കോയുടെ രണ്ടാം ഭാഗത്തെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരുന്നു ഇത്. എന്നാൽ രണ്ടാം ഭാഗത്തെ തരാം ഉപേക്ഷിക്കുകയാണെന്ന് ഉണ്ണി മുകുന്ദൻ തന്നെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഉണ്ണി മുകുന്ദന് പകരം യാഷ് എത്തുമെന്നും റിപ്പോർട്ടുകൾ വന്നു.