
കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമെന്ന് നടൻ മമ്മൂട്ടി. കുറേ കാലത്തേക്ക് തനിക്ക് ഗന്ധം തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും, ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
”കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലെങ്കിലും ശ്വാസം വലിക്കാം. കുറേ കാലത്തേക്ക് എനിക്ക് ഇതൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്.” മമ്മൂട്ടി പറഞ്ഞു.
”ഞാന്‍ ഷൂട്ടിങ്ങിനിടെ ഒരാള്‍ക്ക് കാതില്‍ വെക്കാന്‍ ഒരു ശ്രവണ സഹായി വാങ്ങിച്ചു കൊടുത്തിരുന്നു. അയാളത് കുറച്ചുനേരം വച്ചിട്ട് എടുത്തെറിഞ്ഞു കളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാള്‍ പോയി. അയാള്‍ പിന്നീടൊരിക്കലും ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല.” മമ്മൂട്ടി കൂട്ടിച്ചേർത്തു.
അസുഖബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയ്യടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്. തിരികെ വന്നയുടനെ മഹേഷ് നാരായണന്റെ പേട്രിയറ്റിലായിരുന്നു മമ്മൂട്ടി ജോയിൻ ചെയ്തത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ചത്താ പച്ചയിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഒടുവിലായി സ്ക്രീനില്‍ കണ്ടത്.