
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഓർമയായിട്ട് ഒരുവർഷം തികയുന്ന വേളയിൽ എം.ടി. യെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. “പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് ഒരു വർഷം. എന്നും ഓർമ്മകളിൽ” എന്ന അടികുറിപ്പോടെ എം ടി ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മമ്മൂട്ടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വലംകൈ തൻ്റെ രണ്ടു കൈകൾകൊണ്ടും ചേർത്തുപിടിച്ച് മമ്മൂട്ടിയെ നോക്കി പുഞ്ചിരിക്കുന്ന എം.ടി. വാസുദേവൻ നായരെയാണ് ചിത്രത്തിൽ കാണാനാവുക.
ആസാദ് സംവിധാനം ചെയ്ത് എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന ചിത്രമാണ് മമ്മൂട്ടി, എം ടി കൂട്ടുകെട്ടിലൊരുങ്ങിയ ആദ്യ ചിത്രം. പിന്നീട് തൃഷ്‌ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ. ഇതിൽ വടക്കൻ വീരഗാഥയിലൂടെ ആ വർഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എം.ടിയും മമ്മൂട്ടിയും നേടിയിരുന്നു. എം.ടിയുടെ വിവിധ കഥകളെ ആസ്‌പദമാക്കി സീ ഫൈവിനുവേണ്ടി ഒരുക്കിയ ആന്തോളജി ചലച്ചിത്രത്തിൽ മമ്മൂട്ടിയാണ് ഒരു ചിത്രത്തിൽ നായകനായെത്തിയത്. കടുഗെണ്ണാവ ഒരു യാത്ര എന്ന ചിത്രം സംവിധാനംചെയ്‌തത് രഞ്ജിത്താണ്.
എംടിക്ക് സർക്കാർ തുഞ്ചൻ പറമ്പിൽ സ്മാരകമൊരുക്കുന്നുണ്ട്. നിർമാണം ഉടൻ തുടങ്ങും. ഇവിടെയുള്ള ഓപ്പൺ ഓഡിറ്റോറിയത്തിന് എംടി വേദി എന്നു പേരിടാൻ ട്രസ്‌റ്റ് തീരുമാനിച്ചിട്ടുണ്ട്. ജനുവരി 2ന് വേദിയുടെ പേരു മാറ്റും. ഇന്ന് എംടിയോർമ എന്ന പേരിൽ അനുസ്മരണം നടക്കും. കെ.സി.നാരായണൻ, പി.നന്ദകുമാർ എംഎൽഎ, എം.എൻ.കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.