
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ പകരക്കാരനില്ലാത്ത സാന്നിധ്യമായി തിളങ്ങിനിൽക്കുകയാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ നിരന്തരം അത്ഭുതപ്പെടുത്തുന്ന താരം പങ്കെടുത്ത ഏറ്റവും പുതിയ അവാർഡ് വേദിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറുന്നത്. യുകെയിൽ വച്ച് നടന്ന ‘ആനന്ദ് ടിവി ഫിലിം അവാർഡ്’ വേദിയിലെ രസകരമായ അനുഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളുമാണ് പുതിയ പ്രൊമോ വീഡിയോകളിലൂടെ പുറത്തുവന്നിരിക്കുന്നത്.
രമേശ് പിഷാരടി പാലക്കാട് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം മമ്മൂട്ടിക്കൊപ്പം ഒന്നിച്ച് പങ്കെടുത്ത ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്. വേദിയിൽ വച്ച് എംഎൽഎയായ പിഷാരടിയെ മമ്മൂട്ടി തമാശരൂപേണ കളിയാക്കുന്ന പ്രൊമോ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. താൻ വെറുമൊരു സിനിമാ നടൻ മാത്രമാണെന്നും എംഎൽഎയായ പിഷാരടിയോട് ആളുകൾ ചോദിക്കുന്ന വിചിത്രമായ സഹായങ്ങളെക്കുറിച്ചുമാണ് മമ്മൂട്ടി സദസ്സിനെ ചിരിപ്പിച്ചുകൊണ്ട് പങ്കുവെച്ചത്. മകൾക്ക് 18 പവൻ സ്വർണം വാങ്ങിവച്ചിട്ടുണ്ടെന്നും അത് 20 പവനാക്കി തികക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടയാൾ, “പിഷാരടി തരേണ്ട, മമ്മൂട്ടി സാറിനോട് പറഞ്ഞാൽ മതി” എന്ന് പറഞ്ഞ അനുഭവമാണ് മമ്മൂട്ടി രസകരമായി വേദിയിൽ അവതരിപ്പിച്ചത്.
ഈ തമാശ മുഹൂർത്തങ്ങൾക്ക് പുറമെ നടി ഭാവന മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്ന മറ്റൊരു വൈകാരിക വീഡിയോയും തരംഗമാകുന്നുണ്ട്. അഞ്ചു വർഷത്തോളം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന ഇടവേളയ്ക്ക് ശേഷം തനിക്ക് വന്ന ആദ്യ ഫോൺ കോളുകളിൽ ഒന്ന് ഒരു മമ്മൂട്ടി ചിത്രത്തിൽ നിന്നായിരുന്നുവെന്ന് ഭാവന ഓർത്തെടുത്തു. മനസ്സ് കൊണ്ട് കാലു തൊട്ട് അനുഗ്രഹം വാങ്ങണമെന്ന് ആഗ്രഹം തോന്നിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടിയെന്നും വേദിയിൽ വെച്ച് ഭാവന തുറന്നുപറഞ്ഞു.
സിനിമാ പ്രേമികളും മിനിസ്ക്രീൻ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഈ അവാർഡ് നിശ ഓഗസ്റ്റ് 9 ഞായറാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും. സൂപ്പർതാരങ്ങളുടെ സാന്നിധ്യവും അവിസ്മരണീയമായ കലാപ്രകടനങ്ങളും നിറഞ്ഞ ഈ ഷോ മിനിസ്ക്രീനിൽ മികച്ചൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.