
സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി കമ്പനിയുടെ (Mammootty Kampany) ഒൻപതാമത് നിർമ്മാണ സംരംഭത്തിന് ഇന്ന് പൂജയോടെ തുടക്കമായി. ‘ഫാലിമി’ (Falimy) എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഈ പുതിയ മലയാള ചിത്രം വലിയ പ്രതീക്ഷകളോടെയാണ് അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.
കളങ്കാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ മമ്മൂട്ടി കമ്പിനി നിർമിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിതെന്നാണ് റിപ്പോർട്ടുകൾ.
മലയാള സിനിമയിലെ മുൻനിര ഛായാഗ്രാഹകനായ ജിംഷി ഖാലിദ് (Jimshi Khalid) ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്നൊരു സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. തമിഴ് നടൻ ജീവയായിരുന്നു ചിത്രത്തിലെ നായകൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ജീവക്കൊരു കം ബാക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഇത്.