
കാന്താരയിലെ പ്രകടനത്തെ അഭിനന്ദിച്ച് മമ്മൂട്ടി മെസേജ് അയച്ചിരുന്നുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ ജയറാം.
കൂടാതെ കാന്താര കെജിഎഫ് ഒക്കെ പോലെ ഒരു ബെഞ്ച്മാർക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജയറാം.
“ഒരു മിനിറ്റ് മുൻപ് ഫോൺ എടുത്ത് നോക്കിയപ്പോഴാണ് ഞാൻ ഒരുപാട് സന്തോഷിച്ചത്. മമ്മൂക്ക അഭിനന്ദിച്ച് മെസേജ് അയച്ചിരിക്കുന്നു. കാന്താരയിൽ എക്സലെന്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ബെഞ്ച്മാർക്കാണ്, കെജിഎഫ് എന്നൊക്കെ പറയുന്നതു പോലെ. 1000 കോടി സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാകാൻ ഒരു മലയാളിക്ക് കഴിഞ്ഞതിൽ ഒരുപാട് അഭിമാനം, സന്തോഷം”. ജയറാം പറഞ്ഞു.
“എന്നോടുള്ള സ്നേഹം കൊണ്ട് മലയാളികൾ പറയാറുണ്ട്, അന്യഭാഷകളിൽ പോയിട്ട് ചെറിയ വേഷങ്ങൾ ചെയ്യുന്നു എന്നൊക്കെ. വലിയ സിനിമയുടെ ഭാഗമാകുമ്പോൾ അതിന്റെ ഫൈനൽ ഔട്ട്പുട്ട് വരുമ്പോൾ നമ്മുടെ വേഷം ചെറുതായി പോകുന്നതാണ്. അല്ലാതെ ചെയ്യുന്ന വേഷമൊക്കെ മുഴുനീള കഥാപാത്രം തന്നെയാണ്. കാന്താരയെ സംബന്ധിച്ചിടത്തോളം അങ്ങനെയുണ്ടായില്ല. വളരെ ഹോംവർക്ക് ചെയ്തെടുത്ത ഒരു സിനിമയാണ് കാന്താര. മൂന്ന് വർഷത്തെ അവരുടെ കഷ്ടപ്പാട് എന്ന് പറയുന്നത് കണ്ടു പഠിക്കേണ്ട ഒന്ന് തന്നെയാണ്”.- ജയറാം കൂട്ടിച്ചേർത്തു.
കാന്താരയിൽ ഒരു മുഴുനീള വേഷം ചെയ്തുവെങ്കിലും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലൊന്നും ജയറാം പങ്കെടുത്തിരുന്നില്ല. ട്രെയ്‌ലറിലും വളരെ കുറച്ച് ഭാഗങ്ങൾ മാത്രമേ ജയറാമിന്റേതായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നുള്ളൂ. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായിട്ടാണ് ‘കാന്താര: ചാപ്റ്റർ 1’ ഒരുക്കിയിരിക്കുന്നത്. കർണാടകയിലെ കദംബ രാജവംശത്തിന്റെ കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രാദേശിക സംസ്കാരം, വാസ്തുവിദ്യ, നാടോടി പാരമ്പര്യങ്ങൾ എന്നിവയിലേക്ക് ആഴ്ന്നിറങ്ങുന്ന ചിത്രം 500-ൽ അധികം പോരാളികളും 3000ത്തോളം പേരും പങ്കെടുത്ത ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രംഗങ്ങളുള്ള ചിത്രം കൂടിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. രുക്മിണി വസന്ത് ആണ് കാന്താര ചാപ്റ്റർ വണ്ണിൽ നായിക. ഋഷഭ് ഷെട്ടിക്ക് പുറമെ ജയറാം, കിഷോര്‍, പ്രമോദ് ഷെട്ടി, ഗുല്‍ഷന്‍ ദേവയ്യ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.