
പദ്‌മഭൂഷൺ പുരസ്‌കാര നേട്ടത്തിൽ രാജ്യത്തിനും, ജനങ്ങൾക്കും, സർക്കാരിനും നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് മമ്മൂട്ടിയുടെ പ്രതികരണം. ‘മാതൃരാജ്യത്തിന് നന്ദി’ എന്നു തുടങ്ങുന്ന കുറിപ്പ് റിപ്പബ്ലിക് ദിനാശംസ നേർന്നാണ് അവസാനിപ്പിക്കുന്നത്.
‘മാതൃരാജ്യത്തിനു നന്ദി. ‘പത്മഭൂഷൺ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ.’ മമ്മൂട്ടി കുറിച്ചു.
റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി കഴിഞ്ഞദിവസമായിരുന്നു പദ്‌മ ബഹുമതികൾ പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി മുൻ പത്രാധിപരും ആർഎസ്എസിന്റെ ആദ്യകാല നേതാക്കളിലൊരാളുമായ പി. നാരായണൻ എന്നിവർക്ക് പദ്‌മവിഭൂഷൺ ലഭിച്ചു. പദ്‌മവിഭൂഷൺ ബഹുമതിക്ക് അർഹരായ മമ്മൂട്ടിയടക്കമുള്ള അഞ്ചുപേരിൽ മൂന്നുപേരും മലയാളികളായിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു.