“കാരുണ്യത്തിന്റെ ദൂതനായി ദൈവം ഭൂമിയിലേക്ക് അയച്ചയാളാണ് മമ്മൂട്ടി”; കേൾവി പരിമിതിയുള്ളവർക്ക് തണലായി മമ്മൂട്ടി

','

' ); } ?>

കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ജീവകാരുണ്യ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 16-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിയുടെ തുടക്കം. പദ്ധതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായവർക്ക് വലിയ തുക ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർ ചികിത്സയും പൂർണ്ണമായും സൗജന്യമായി നൽകും.

‘കേൾവി എന്നത് ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവർക്കു വേണ്ടിയാണ് ഈ പദ്ധതി. നന്മചെയ്യുക , നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക. ഇതാണ് ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം.’ മമ്മൂട്ടി പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കാരുണ്യത്തിന്റെ ദൂതനായി ദൈവം ഭൂമിയിലേക്ക് അയച്ചയാളാണ് മമ്മൂട്ടി എന്ന് കാതോലിക്ക ബാവ പറഞ്ഞു.

“മമ്മൂട്ടി നന്മയുടെ പര്യായമാണ്. അദ്ദേഹം സിനിമയിൽ മാത്രമേ അഭിനയിക്കാറുള്ളൂ ജീവിതത്തിൽ അദ്ദേഹം നല്ല നടൻ അല്ല. പകരം നന്മയുള്ള പ്രവൃത്തികളിലൂടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ ആണ് മമ്മൂട്ടി ശ്രമിക്കുന്നത്.” കാതോലിക്ക ബാവ പറഞ്ഞു.

കെയർ ആൻഡ് ഷെയർ ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്, കെയർ ആൻഡ് ഷെയർ എക്സിക്യൂട്ടീവ് ഡയറക്ടർ വിജു ജേക്കബ്, മാനേജിംഗ് ട്രസ്റ്റി റോയ് എം. മാത്യു, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, സാലിഹ് സി. പി, എ. മോഹനൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.