കലാഭവൻ നവാസിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും

','

' ); } ?>

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്ന് മോഹന്‍ലാലും, കലാഭവന്‍ നവാസിന് ആദരാഞ്ജലികള്‍ എന്ന് മമ്മൂട്ടിയും പങ്കുവെച്ചു. തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മള്‍ കാണാറുള്ളത്. നര്‍മ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികള്‍’, മോഹന്‍ലാല്‍ കുറിച്ചു. നവാസിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നടൻ ജയറാമടക്കമുള്ള താരങ്ങൾ നവാസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.പ്രിയ സുഹൃത്തേ… ഒരുപാട് വേദനിക്കുന്ന വേർപാട്. പ്രണാമം’എന്നാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് നടൻ ജയറാം പ്രതികരിച്ചത്. നവാസിനൊപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്. ‘നവാസിന്റെ മരണം സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ,നന്നായി ആരോ​ഗ്യം നോക്കുന്നയാളായിരുന്നുവെന്നും നടൻ നാദിർഷ പ്രതികരിച്ചു.

ഇന്നലെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം അപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ.

ഇന്ന് ഒന്നുമുതല്‍ മൂന്നുവരെ വീട്ടിലും തുടര്‍ന്ന് അഞ്ചുവരെ ആലുവ ടൗണ്‍ മസ്ജിദിലും പൊതുദര്‍ശനമുണ്ടാവും. 5.15-ന് ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.