
വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം “തുടക്ക“ത്തിന് ആശംസകൾ നേർന്ന് നടൻമാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ഇരുവരുടെയും ആശംസ. ‘തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയാ മോഹൻലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും.’-മമ്മൂട്ടി കുറിച്ചു. മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിസ്മയ അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ‘വിസ്മയാ മോഹൻലാലിന്റെ സിനിമയുടെ അത്ഭുതലോകത്തേക്കുള്ള ‘തുടക്ക’ത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് ദുൽഖർ കുറിച്ചത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. ഹൃദ്യമായ കുടുംബമുഹൂർത്തങ്ങളും ത്രില്ലർ രംഗങ്ങളുമൊക്കെ ഇഴുകിച്ചേർന്ന ‘തുടക്കം’ സിനിമയുടെ ട്രെയ്ലർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തിങ്കളാഴ്ച കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്ലർ പ്രകാശനം നടത്തിയത്.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാലും നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ. എമിൽ വിൻസന്റും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.