
താൻ അപൂർവ്വമായി മാത്രം അഭിനേതാക്കളെ ആവർത്തിക്കാറുള്ള സംവിധായകനാണെങ്കിലും മമ്മൂട്ടി അതിനൊരു അപവാദമാണെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തന്റെ പുതിയ ചിത്രമായ ‘പദയാത്ര’യിൽ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയതിനെക്കുറിച്ചും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തം അദ്ദേഹം ഏറ്റെടുത്തതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്തിൽ പങ്കെടുക്കവേയാണ്, നാലാം തവണയും ഒന്നിക്കുന്ന മമ്മൂട്ടിയുമായുള്ള വിശേഷങ്ങൾ അടൂർ വെളിപ്പെടുത്തിയത്.
താൻ പുതിയൊരു ചിത്രം ചെയ്യുന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ മമ്മൂട്ടി സ്വയം മുന്നോട്ടുവന്ന് ചിത്രം നിർമ്മിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നുവെന്ന് അടൂർ പറഞ്ഞു. “സിനിമയുടെ കാര്യം അറിഞ്ഞപ്പോൾ ‘നിങ്ങൾക്ക് എന്താണോ വേണ്ടത്, എന്നോട് ചോദിക്കൂ, അത് തരാം’ എന്ന് പറഞ്ഞ് അദ്ദേഹം ചിത്രം നിർമ്മിക്കാൻ തയ്യാറാവുകയായിരുന്നു. ഈ സിനിമയിൽ അദ്ദേഹത്തിന് തികച്ചും അനുയോജ്യമായ ഒരു ഡോക്ടറുടെ വേഷമുണ്ട്. ആ കഥാപാത്രമായി മമ്മൂട്ടിയെയല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പോലുമായിരുന്നില്ല,” അടൂർ വ്യക്തമാക്കി.
“ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ, ആ സിനിമ നിർമ്മിക്കാൻ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. ‘നിങ്ങൾക്ക് എന്താണോ വേണ്ടത്, എന്നോട് ചോദിക്കൂ, അത് തരാം’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന് തികച്ചും അനുയോജ്യമായ ഒരു വേഷം ചിത്രത്തിലുണ്ട്. ആ കഥാപാത്രമായി മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല,” അദ്ദേഹം പറഞ്ഞു.
തന്റെ സിനിമകളുടെ സാമ്പത്തിക പരിമിതികൾ കൃത്യമായി മനസ്സിലാക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും അടൂർ കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ വലിയ സൂപ്പർസ്റ്റാർ പദവിയിലായിരുന്നപ്പോഴും പ്രതിഫലത്തിന്റെ കാര്യത്തിൽ അദ്ദേഹം വാശിപിടിച്ചിട്ടില്ലെന്നും, ചിത്രത്തിന്റെ ബജറ്റിന് അനുസരിച്ച് മാത്രമാണ് പ്രതിഫലം കൈപ്പറ്റിയിരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു. 1987-ൽ പുറത്തിറങ്ങിയ ‘അനന്തരം’, ദേശീയ പുരസ്കാരങ്ങൾ നേടിത്തന്ന ‘മതിലുകൾ’ (1990), ‘വിധേയൻ’ (1994) എന്നിവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പദയാത്ര’.
“ആ കാലഘട്ടത്തിലും അദ്ദേഹം വലിയൊരു താരമായിരുന്നു, എന്നാൽ ഒരിക്കലും വലിയ പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് പ്രതിഫലം ലഭിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു, പക്ഷേ അത് ബജറ്റിന് അനുസരിച്ച് മാത്രമായിരിക്കും,” അടൂർ പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനും കെ. വി. മോഹൻകുമാറും ചേർന്ന് തിരക്കഥയൊരുക്കിയ ഒരു പീരിയഡ് ഡ്രാമയാണ് ‘പദയാത്ര’. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഗ്രേസ് ആൻ്റണി, ജഗദീഷ്, അലൻസിയർ, മധുപാൽ, നന്ദു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.