
സ്വന്തം ഇൻഡസ്ട്രിയിലെ ബിഗ് ബഡ്ജെറ്റ് സിനിമകൾ സ്വീകരിക്കാൻ മലയാളികൾ കാണിക്കുന്ന വിമുഖത പേട്രിയറ്റിലൂടെ മാറുമെന്ന് നടൻ മമ്മൂട്ടി. കൂടാതെ മലയാളത്തിൽ ബിഗ് ബജറ്റ് സിനിമകൾ തുടർച്ചയായി വരാൻ പേട്രിയറ്റ് കാരണമാകുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. പേട്രിയറ്റ് സിനിമയുടെ പ്രചാരണത്തിൻ്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
“മലയാളത്തിൽ ബിഗ് ബജറ്റ് സിനിമകൾ തുടർച്ചയായി വരാൻ പേട്രിയറ്റ് സിനിമ വഴിയൊരുക്കും. മറ്റുഭാഷകളിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഇരുകൈയുംനീട്ടി സ്വീകരിക്കുന്ന മലയാളികൾ ഞങ്ങൾ അഭിനയിക്കുന്ന അത്തരം സിനിമകൾ അത്രകണ്ട് സ്വീകരിച്ചിരുന്നില്ല. എന്നാൽ പേട്രിയറ്റ് മുതൽ അതിന് മാറ്റം ഉണ്ടാകും.” മമ്മൂട്ടി പറഞ്ഞു.
സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയാക്കിയെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. ഇനി സർട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രമേ ബാക്കിയുള്ളു. മമ്മൂക്കയ്ക്കും മോഹൻലാലിനും ഒപ്പമുള്ള സിനിമ ആസ്വദിച്ചാണ് ചെയ്‌തതെന്ന് പത്രസമ്മേളനത്തിൽ സംസാരിച്ച കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിൽ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ നിർമാണച്ചെലവുള്ള ചിത്രമാണ് പേട്രിയറ്റ്. പത്രസമ്മേളനത്തിൽ കെ.ജി. എബ്രഹാം, ആൻ്റോ ജോസഫ്, സി.ആർ. സലീം തുടങ്ങിയവരും പങ്കെടുത്തു.