
മമിത ബൈജുവിനെ നായികയാക്കാൻ താൻ ആഗ്രഹിച്ച ഒരു സിനിമ, നായകന്റെയും നിർമാതാവിന്റെയും എതിർപ്പ് കാരണം മുടങ്ങിപ്പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ കമൽ. ‘പോർട്രെയൽസ് ബൈ ഗദ്ദാഫി’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. മമിത ഭാവിയിൽ വലിയൊരു നായികയായി മാറുമെന്ന് താൻ അന്നേ ഉറപ്പിച്ചു പറഞ്ഞിരുന്നതാണെന്നും എന്നാൽ അത് തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ലെന്നും കമൽ വ്യക്തമാക്കി.
‘ഖോ ഖോ’ എന്ന സിനിമയിലെ മമിതയുടെ പ്രകടനം കണ്ടാണ് കമൽ അവരെ തന്റെ ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. പിന്നീട് ‘സൂപ്പർ ശരണ്യ’ കണ്ടതിനു ശേഷം മമിതയെത്തന്നെ നായികയാക്കണമെന്ന് നിർമാതാവിനോട് അദ്ദേഹം വീണ്ടും ആവശ്യപ്പെടുകയും, കഥ കേട്ട് മമിതയും കുടുംബവും അഭിനയിക്കാൻ സമ്മതം മൂളുകയും ചെയ്തിരുന്നു. എന്നാൽ നായകനും നിർമാതാവും ചേർന്ന് പുതുമുഖ നായിക മതിയെന്ന നിലപാട് മാറ്റുകയും വലിയൊരു നായിക വേണമെന്ന് ആവശ്യപ്പെട്ട് മമിതയെ ഒഴിവാക്കുകയുമായിരുന്നു.
നായികയ്ക്ക് ഏറെ പ്രാധാന്യമുള്ളതും നായകന് താരതമ്യേന ചെറിയ വേഷമുള്ളതുമായ ചിത്രമായിരുന്നു അതെന്നും, നായകന്റെ ഈ ഇടപെടൽ കാരണം തനിക്ക് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നുവെന്നും കമൽ കൂട്ടിച്ചേർത്തു. ഇതിനുശേഷമാണ് ‘പ്രേമലു’ റിലീസ് ചെയ്യുന്നതും മമിത മലയാള സിനിമയിലെ തിരക്കുള്ള നായികയായി മാറുന്നതും. കമലിന്റെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ സിനിമാലോകത്ത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
കമലിന്റെ വാക്കുകൾ
‘‘പുതിയ ജനറേഷനിൽ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ആർട്ടിസ്റ്റ് ആണ് മമിത. അതിപ്പോഴല്ല ആ ഇഷ്ടം ഉണ്ടാകുന്നത്. എന്റെ നടക്കാതെ പോയ ഒരു സിനിമ ഉണ്ട്. അത് നടക്കണമെന്ന് ആഗ്രഹിച്ചിട്ട് ഈ അടുത്ത കാലത്ത് വേറെ ചില കാരണങ്ങൾ കൊണ്ട് മാറിപ്പോയതാണ്. അന്ന് മമിത അഭിനയിച്ച ‘ഖോ ഖോ’ കണ്ട് എനിക്ക് ആ പടത്തിലെ മമിതയുടെ ക്യാരക്ടർ ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടിരുന്നു. അസലായിട്ട് ചെയ്തിട്ടുണ്ട് ആ കുട്ടി.
‘ഖോ ഖോ’ കണ്ടിട്ടാണ് ഈ കുട്ടിയെ നമ്മുടെ ക്യാരക്ടറായി നായികയായിഅഭിനയിപ്പിക്കണം എന്ന് വിചാരിക്കുന്നത്. എന്റെ തീരുമാനം ഹീറോയോടും പ്രൊഡ്യൂസറോടൊക്കെ പറഞ്ഞു. പക്ഷേ അവർക്ക് അത്ര പുതുമുഖമായിട്ടുള്ള നായിക പോരാ, കുറച്ചുകൂടി വലിയ നായിക വേണം എന്ന് ഹീറോ അടക്കം പറഞ്ഞു.
ഈ കുട്ടി നാളെ ഭാവിയിൽ വലിയൊരു നായികയാവും നിങ്ങൾ നോക്കിക്കോ എന്ന് ഞാൻ അവരോട് പറയുകയും ചെയ്തു. അതിനുശേഷമാണ് ഞാൻ ‘സൂപ്പർ ശരണ്യ’ കാണുന്നത്. എനിക്ക് മമിതയെ തന്നെ നായികയായിട്ട് മതിയെന്നുള്ള രീതിയിൽ പ്രൊഡ്യൂസറുടെ അടുത്ത് വീണ്ടും പറഞ്ഞു.
നമുക്ക് നായകനെ കൊണ്ട് കൺവിൻസ് ചെയ്യിക്കാം എന്ന് അദ്ദേഹം പറയുകയും ചെയ്തു. അങ്ങനെ ഞാൻ മമിതയെ വിളിച്ച് കാര്യം പറഞ്ഞു. പ്രൊഡക്ഷൻ സൈഡില് നിന്നും അവരെ വിളിച്ചു. ഞാൻ മമിതയോട് ക്യാരക്ടറിനെ കുറിച്ച് പറയുകയും അവർക്കും അവരുടെ അമ്മയ്ക്കും ഈ കഥാപാത്രം ഇഷ്ടമാകുകയും ചെയ്തു.
വേറെ ഒന്ന് രണ്ട് നായികമാരുടെ അടുത്ത് പറഞ്ഞിട്ട് അവർക്ക് വർക്കായില്ല. കുറച്ച് നെഗറ്റീവ് ഷേഡ് ഒക്കെയുള്ള ഒരു ക്യാരക്റ്ററാണ്. പക്ഷേ ഈ കുട്ടിക്ക് അത് ഭയങ്കരമായിട്ട് വർക്കാവുകയും ഭയങ്കര കൗതുകത്തോടുകൂടി കേൾക്കുകയുമായിരുന്നു. ഞാൻ കഥ പറയുമ്പോഴും നറേറ്റ് ചെയ്യുമ്പോഴും അവരുടെ മുഖത്തെ എക്സ്പ്രഷൻ എനിക്കിപ്പോഴും ഓർമ്മയുണ്ട്. നിങ്ങളെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് പറയുകയും ചെയ്തു.
അങ്ങനെ പറഞ്ഞ് പിരിയുകയും ഡേറ്റ് ഒക്കെ നേരത്തെ പറയണമെന്ന് അവരുടെ അമ്മ പറയുകയും ചെയ്തു. അതിനുശേഷം വീണ്ടും നായകനും പ്രൊഡ്യൂസറും, അവർ പോരാ വലിയ നായിക വേണമെന്ന് പറഞ്ഞ് ഇവരെ വേണ്ട എന്ന് വയ്ക്കുകയായിരുന്നു. എനിക്ക് ഭയങ്കര വിഷമം തോന്നി കാരണം എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ആനി അടക്കമുള്ള പുതുമുഖങ്ങളെ നമ്മൾ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ എന്റെ സിനിമയിൽ ഒരു നിർമാതാവോ പ്രത്യേകിച്ച് നടനോ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല.
എന്തുകൊണ്ടോ ഈ കുട്ടിയെ അവർക്ക് മനസ്സിലായില്ല.
അതിനുശേഷം മൂന്നാലു മാസം കഴിഞ്ഞപ്പോഴാണ് ‘പ്രേമലു’ വരുന്നത്. ഇപ്പോൾ അവർ പിടിച്ചാൽ കിട്ടാത്ത നായികയായി മാറി. ഇപ്പോൾ ആ പ്രൊഡ്യൂസർക്ക് മമിതയെ വച്ച് ആ സിനിമ ചെയ്യാമായിരുന്നുവെന്ന് തോന്നുന്നുണ്ടാവും.
നായകനെക്കാളും പ്രാധാന്യം ഈ സിനിമയിൽ നായികയ്ക്കായിരുന്നു ആ ക്യാരക്ടർ. നായകന് ചെറിയ റോളാണ് ആ സിനിമയിലുള്ളത്. സ്ക്രീൻ സ്പേസും ക്യാരക്ടർ നോക്കുമ്പോഴും നായികയ്ക്ക് വളരെ പ്രാധാന്യമുള്ള സിനിമയായിരുന്നു. അതെനിക്ക് ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് സത്യം. ഇപ്പോഴും ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയാണത്, എന്റെ തന്നെ തിരക്കഥയാണത്.’’