അങ്കത്തിന് മുന്‍പേ ഡിജിറ്റല്‍ ചേകവരാകാം…’മാമാങ്കം’ ഗെയിം തുടങ്ങി

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം പ്രചരണ രീതികളില്‍ പുതുമ സൃഷ്ടിക്കുന്നു. ഇതിന്റെ ഭാഗമായി മാമാങ്കം ടീം വീഡിയേ ഗെയിം ആണ് ഒരുക്കിയിട്ടുള്ളത്. മാമാങ്കം ഗെയിം മമ്മൂട്ടിയാണ് ലോഞ്ച് ചെയ്തത്. സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യമെന്ന് ലോഞ്ചിംഗ് നിര്‍വ്വഹിച്ച് മമ്മൂട്ടി പറഞ്ഞു. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.