മാമാങ്കം : ഇത് അക്ഷരാര്‍ത്ഥത്തില്‍ ബ്രഹ്മാണ്ഡം.. മാമാങ്കത്തിന്റെ കൂറ്റന്‍ സെറ്റുകളുണ്ടായതിങ്ങനെ..!

വലിപ്പം കൊണ്ടും അണിയറയിലുള്ളവരുടെ കഠിന പ്രയത്‌നം കൊണ്ടും പ്രതീക്ഷകള്‍ക്കപ്പുറത്താണ് മാമാങ്കം എന്ന ചിത്രം. മലയാളത്തിന്റെ മാസ്റ്റര്‍ നടന്‍ മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ ഡയറക്ടര്‍ എം പത്മകുമാറും വേണുകുന്നപ്പള്ളിയെന്ന നിര്‍മ്മാതാവും ചേര്‍ന്നപ്പോള്‍ തീര്‍ത്തും കണ്ണഞ്ചിപ്പിക്കുന്ന ഒരു വിഷ്വല്‍ ട്രീറ്റുമായിത്തന്നെയാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. മരടിലും കൊച്ചിയിലുമായി ചിത്രത്തിന് വേണ്ടി 20ാളം എക്കളര്‍ ഭൂമിയില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ സെറ്റുകളുടെയും സെറ്റിലെ ഒരു ചെറിയ ആണി വരെ അത്ര കൃത്യതോടെയും കാവ്യനീതിയോടെയുമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

തിരുനാവായിലെ ഭാരതപ്പുഴയുടെ തീരത്ത് 16,17 നൂറ്റാണ്ടുകളില്‍ നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രം അതേ ഭംഗിയോടെ ആവിഷ്‌കരിക്കാന്‍ ,സാധിച്ചുവെന്ന് തന്നെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട മെയ്ക്കിങ്ങ് വീഡിയോ വിളിച്ചിരിക്കുന്നത്. സിനിമയിലെ യുദ്ധരംഗങ്ങള്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കറിലുള്ള സെറ്റിലാണ്. ഉണ്ണി മുകുന്ദന്‍, ബാല താരം അച്യുതന്‍, കനിഹ, സിദ്ദിഖ് എന്നിവരാണ് മേക്കിങ് വിഡിയോയിലുള്ളത്. പത്തു കോടി രൂപയോളം ചെലവിട്ട് 2000 ത്തോളം തൊഴിലാളികള്‍ മൂന്നു മാസം കൊണ്ടാണ് സെറ്റ് തയ്യാറാക്കിയത്. സെറ്റ് തയ്യാറാക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.

40 ദിവസം നീണ്ടുനില്‍ക്കുന്ന അവസാനപാദ ചിത്രീകരണം പൂര്‍ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. സംവിധായകന്‍ എം.പദ്മകുമാര്‍. കാമറാമാന്‍ മനോജ് പിള്ള. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അച്യുതന്‍ ബി.നായര്‍, പ്രാച്ചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമാണ് ചിത്രം പുറത്തിറങ്ങുക. നവംബര്‍ അവസാനം ചിത്രം തിയേറ്ററുകളിലെത്തും.