
പൃഥ്വിരാജിന്റെ 43 ആം ജന്മദിനത്തിൽ പിറന്നാളാശംസകൾ നേർന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റർ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ‘എന്റെ ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ എന്ന അടിക്കുറിപ്പോടെയാണ് മല്ലിക ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ സുഹൃത്ത് മേരി ആണ് ഇത് ഡിസൈൻ ചെയ്തതെന്നും ഈശ്വരൻ മകന്റെ ഒപ്പമുണ്ടാകട്ടെ എന്നും മല്ലിക കുറിച്ചിട്ടുണ്ട്.
“ഒരു ക്യൂട്ട് കാർഡാണ് മല്ലികാ സുകുമാരന്‍ മകന് ജന്മദിനാശംസ നേർന്നത്. തമാശയും പൃഥ്വിരാജിനോടുള്ള സ്നേഹവും നിറഞ്ഞ കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. നടൻ മോഹൻലാലും താരത്തിന് ആശംസ നേർന്നു കൊണ്ട് രംഗത്തെത്തിയിരുന്നു “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.”എന്നായിരുന്നു മോഹൻലാൽ പങ്കുവെച്ചത്.
അതേസമയം, താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ സിനിമകളുടെ അപ്ഡേറ്റുകളും വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ഗ്ലിമ്പ്സ് ആണ്. ‘ദ ബ്ലഡ് ലൈൻ’ എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അത് കൂടാതെ ആറു ചിത്രങ്ങൾ കൂടി പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘വിലായത്ത് ബുദ്ധ, ഐ നോബഡി, ദായ്‌റ, സന്തോഷ് ട്രോഫി, ഓപ്പറേഷൻ കംബോഡിയ, എസ്എസ്എംബി 29 എന്നീ ചിത്രങ്ങളാണത്.