
ചലച്ചിത്രമേള പ്രതിനിധികൾക്ക് ‘അമ്മ’ സംഘടന സംഘടിപ്പിച്ച പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടി മല്ലിക സുകുമാരൻ. ‘അമ്മ’ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്നും, ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഇവർക്ക് ഒരു വിലയുമില്ലേയെന്നും മല്ലിക സുകുമാരൻ ചോദിച്ചു. നീതി ലഭ്യമായില്ലെന്ന അതിജീവിതയുടെ പോസ്റ്റിന് പിന്നാലെ നടത്തിയ ആഘോഷങ്ങൾക്കെതിരെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെ മല്ലിക സുകുമാരൻ പ്രതികരിച്ചിരിക്കുന്നത്.
“സത്യമാണ്. നീതിന്യായ വ്യവസ്‌ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടു വർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു, ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി. ഞങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്നു കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്. ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഇവർക്ക് ഒരു വിലയുമില്ലേ….?” മല്ലിക സുകുമാരൻ ചോദിച്ചു.
“‘അമ്മ’യുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ചലച്ചിത്രമേള പ്രതിനിധികൾക്ക് പാർട്ടി കൊടുക്കണം പോലും… ഇതാണോ സംഘടനയുടെ ചാരിറ്റി…? മന്ത്രിയുടെ സമ്മതം വാങ്ങി ബജറ്റ് വരെ അംഗീകരിച്ചു എന്നാണ് വാർത്ത…. എന്തു വേണമെങ്കിലും ആയിക്കോട്ടെ…. ഇന്നു തന്നെ വേണമായിരുന്നോ…? ‘അമ്മ’യിലെ സഹോദരന്മാർക്കെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു ഈ സ്ത്രീ ഭരണകൂടത്തോട്…കാര്യങ്ങൾ പറയുന്നവരെ അകറ്റി നിർത്തി, ഉള്ള വില കളയാതെ നോക്കുക…കാലം മാറി…. കഥ മാറി… ഒരു കൊച്ചു മിടുക്കനെ ചേർത്ത് നിർത്തി ചോദിച്ച ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നൽകിയ പ്രധാനമന്ത്രിയെ വരെ നാം കണ്ടു….. വീണ്ടും പറയുന്നു… “ആവതും പെണ്ണാലെ … അഴിവതും പെണ്ണാലെ’.”-മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.
കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് അതിജീവിത തന്റെ ആദ്യ പ്രതികരണം അറിയിച്ചത്. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നീതി ലഭ്യമായില്ലെന്നും, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ എല്ലാവരെയും ഒരുപോലെ കാണുന്നില്ലെന്നും നടി കൂട്ടിച്ചേർത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം. പൃഥ്വിരാജ്, സുപ്രിയമേനോൻ അടക്കമുള്ള പ്രമുഖർ താരത്തിന്റെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇന്നലെ ആദ്യമായി സംഭവത്തിൽ പ്രതിയ്ക്കരിച്ച് അതിജീവിത രംഗത്തു വന്നിരുന്നു. എട്ടു വർഷം, ഒമ്പത് മാസം, 23 ദിവസങ്ങൾ നീണ്ട ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക താൻ കാണുന്നുവെന്നായിരുന്നു കോടതി വിധിയോടുള്ള അതിജീവിതയുടെ പ്രതികരണം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അതിജീവിതയുടെ പ്രതികരണം. പൃഥ്വിരാജ്, മഞ്ജുവാര്യർ അടക്കമുളള താരങ്ങൾ അതിജീവിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.