
സാമൂഹികമാധ്യമങ്ങൾ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് ചലച്ചിത്രനടി മല്ലികാ സുകുമാരൻ. പല ആളുകളെയും കുറ്റപ്പെടുത്താനാണ് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നും, ഉള്ളതു പറയുന്നതുകൊണ്ട് അമ്മ സംഘടനയിൽനിന്നുപോലും വിമർശനമുണ്ടായെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കെപിസിസി സംസ്‌കാരസാഹിതിയുടെ തെക്കൻമേഖലാ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
“പല ആളുകളെയും കുറ്റപ്പെടുത്താനാണ് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ചിലർ ക്യാമറയുംകൊണ്ടു പുറകേനടന്നാണ് അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഉള്ളതു പറയുന്നതുകൊണ്ട് അമ്മ സംഘടനയിൽനിന്നുപോലും വിമർശനമുണ്ടായി. പരാതികളും ബലഹീനതകളും സംസാരിക്കാനുള്ളതാകണം സംഘടന. ചിലർ സ്വയം ആളാകുകയാണ്. അത്തരക്കാരെ മാറ്റിനിർത്തണം. എന്തെങ്കിലുമൊന്ന് കിട്ടിക്കഴിഞ്ഞാൽ അവർ ആവശ്യമില്ലാത്ത പറഞ്ഞുണ്ടാക്കും”. മല്ലിക സുകുമാരൻ പറഞ്ഞു.
ജയൻ ചേർത്തല, രാധിക എന്നിവർ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ നാരായണൻ, ഡോ. ആരിഫ സൈനുദ്ദീൻ, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ ക്ലാസ് നയിച്ചു. സംസ്‌കാര സാഹിതി വർക്കിങ് ചെയർമാൻ എൻ.വി. പ്രദീപ്‌കുമാർ അധ്യക്ഷനായി. ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ, ജനറൽ കൺവീനർ ആലപ്പി അഷറഫ്, അനി വർഗീസ്, അനിൽ ബോസ്, ഷിജു സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു.