“അമ്മമാർ ഇന്നു സിനിമയിൽ ‘ക്രിഞ്ച്’, കുടുംബബന്ധങ്ങൾ മനസിലാക്കാൻ പഴയ മലയാള സിനിമകൾ ഫെസ്‌റ്റിവൽ വേദികളിൽ ഉൾപ്പടെ പ്രദർശിപ്പിക്കണം”; മല്ലിക സുകുമാരൻ

','

' ); } ?>

മലയാള സിനിമയിൽ അമ്മവേഷം ചെയ്യുന്ന നടിമാർക്ക് കാരവനിൽ പ്രവേശനം നിഷേധിക്കുന്ന അവസ്ഥയ്‌ക്കെതിരെ സിനിമാ സംഘടനകൾ തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി നടി മല്ലിക സുകുമാരൻ. പ്രായാധിക്യവും അസുഖങ്ങളും കാരണം ധാരാളം മരുന്നു കഴിച്ച് ഷൂട്ടിങ് സെറ്റിലെത്തുന്ന അമ്മനടിമാർക്കാണ് സത്യത്തിൽ കാരവൻ ആവശ്യമുള്ളതെന്നും, അമ്മ നടിമാർക്ക് സിനിമയിൽ കാരവൻ വേണമെന്നത് ചോദിക്കാൻ മടി കാണിക്കേണ്ടതില്ലെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. മലയാള മനോരമ ഹോർത്തൂസിൽ ‘അമ്മയില്ലാത്ത പുത്തൻ സിനിമക്കാലം’ എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

“മലയാള സിനിമയിൽ അമ്മവേഷം ചെയ്യുന്ന നടിമാർക്കു പലപ്പോഴും കാരവനിൽ പ്രവേശനം നിഷേധിക്കുന്ന സ്‌ഥിതിയുണ്ട്. അത് ചോദിക്കാൻ മടി കാണിക്കേണ്ടതില്ല. ശുചിമുറി സൗകര്യം പോലും നടിമാർക്കു ലഭ്യമല്ലാത്ത കാലത്തുനിന്നു സിനിമ മാറിയിട്ടുണ്ട്. ഇനിയും മാറണം. എന്റെ വീട്ടിൽ നിന്ന് രണ്ട് ആൺപിള്ളേർ സിനിമാരംഗത്ത് ഉള്ളതുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നത്. മൂന്ന് കാരവൻ ഉണ്ടെങ്കിൽ ഒരെണ്ണം അമ്മ റോളുകൾ ചെയ്യുന്ന ആളുകൾക്ക് നൽകണം. അമ്മ റോളുകൾ കുറഞ്ഞ മലയാളം സിനിമയിൽ കുടുംബബന്ധങ്ങൾ മനസിലാക്കാൻ പഴയ മലയാള സിനിമകൾ ഫെസ്‌റ്റിവൽ വേദികളിൽ ഉൾപ്പടെ പ്രദർശിപ്പിക്കണം.”; മല്ലിക സുകുമാരൻ പറഞ്ഞു.

“ജീവിതത്തിൽ അമ്മമാരുടെ റോൾ കുറയുമ്പോഴാണ് സിനിമയിലും അമ്മമാർ കുറയുന്നത്. മക്കൾ വന്നാൽ ഭക്ഷണം എടുത്തുകൊടുക്കുന്ന അമ്മമാരും ഇന്നില്ലാതായിട്ടുണ്ട്. അവരവർ വേണ്ടത് എടുത്തു കഴിക്കുന്നു. കുലുക്കി സർബത്തും ഫാസ്‌റ്റ് ഫുഡും പുറമേനിന്നു ലഭിക്കുമ്പോൾ മക്കൾക്കു ഭക്ഷണത്തിനായി അമ്മമാരെയും വേണ്ട. അതിനാൽ പരമ്പരാഗത അമ്മമാർ ഇന്നു സിനിമയിൽ ‘ക്രിഞ്ച്’ ആയി മാറി”. മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

അമ്മ വേഷങ്ങളിൽ സജീവമായ നടി നീരജ രാജേന്ദ്രനാണ് ഷൂട്ടിങ് സെറ്റുകളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കാരവനിൽ പ്രവേശന വിലക്കുണ്ടെന്ന കാര്യം തുറന്നു പറഞ്ഞത്. കാരവനിൽ നേരിട്ട വേർതിരിവ് സ്വന്തം അനുഭവത്തിൽനിന്ന് മാല പാർവതിയും തുറന്നു പറഞ്ഞു. ഇനിഷ്യൽ കലക്ഷൻ കിട്ടാൻ അമ്മവേഷം ആവശ്യമേ ഇല്ലെന്ന തിരിച്ചറിവാണ് അമ്മമാർ സിനിമയ്ക്കു പുറത്തായതിനു കാരണമെന്നു നടി മാലാ പാർവതി പറഞ്ഞു. ചുറ്റുവട്ടത്തു കാണുന്ന അമ്മമാർ ഇന്നും സിനിമയിലുണ്ടെന്നും പഴയ രീതിയിലുള്ള അമ്മവേഷങ്ങളാണ് ഇല്ലാതായതെന്നും നടി നീരജ രാജേന്ദ്രൻ പറഞ്ഞു. മലയാള മനോരമ സീനിയർ സബ് എഡിറ്റർ റിയ ജോയ് മോഡറേറ്ററായി.