
ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന ആളാണ് അഖില്‍ മാരാരെന്ന് പരിഹസിച്ച് നടി മല്ലിക സുകുമാരൻ. വഴിയെ പോകുന്ന എല്ലാ ചെണ്ടയ്ക്കിട്ടും അടിക്കുന്നൊരുത്തനാണ് അഖിലെന്നും, ബിഗ് ബോസില്‍ സാമര്‍ഥ്യമുള്ള ചെറുപ്പക്കാരനായിരുന്നു ഇപ്പോൾ ഇങ്ങനൊരു കൂലിവേലക്കാരനായിപ്പോയെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കൂടാതെ എന്തുകണ്ടിട്ടാണ് പൃഥ്വിരാജ് പുതിയ ആള്‍ക്കാര്‍ക്ക് അവസരം കൊടുക്കില്ലെന്ന് അഖിൽ പറഞ്ഞതെന്നും മല്ലിക സുകുമാരൻ ചോദിച്ചു. ഗാലറി വിഷന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.
”വഴിയെ പോകുന്ന എല്ലാ ചെണ്ടയ്ക്കിട്ടും അടിക്കുന്നൊരുത്തന്‍. അവനെ ഞാന്‍ ആദ്യം കാണുന്നത് കൊട്ടാരക്കരയില്‍ ഒരു പരിപാടിയില്‍ വച്ചാണ്. ബിഗ് ബോസില്‍ നിന്നും വന്ന സമയമാണ്. അവിടെ വച്ച് സാമര്‍ഥ്യമുള്ള ചെറുപ്പക്കാരനാണെന്ന് ഞാന്‍ പരസ്യമായി പറഞ്ഞു. പക്ഷെ ഇങ്ങനൊരു കൂലിവേലക്കാരനായിപ്പോയി. അയാള്‍ക്ക് സ്വന്തമായൊരു അഭിപ്രായമുണ്ടാകും എന്നാണ് ഞാന്‍ കരുതിയത്. ഇല്ല, ചുമ്മാതാണ്. ഭയങ്കര അഭിനേതാവാണ്. പക്ഷെ സിനിമയില്‍ അഭിനയിച്ചപ്പോല്‍ പറ്റിയതുമില്ല. അല്ലാതെ അഭിനയിക്കാന്‍ മിടുക്കനാണ്. അഖില്‍ മാരാരെ ആദ്യം കണ്ടപ്പോള്‍ മിടുക്കനാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ എന്തുകണ്ടിട്ടാണ് ഈയ്യടുത്ത് പറഞ്ഞത് പൃഥ്വിരാജ് പുതിയ ആള്‍ക്കാര്‍ക്ക് അവസരം കൊടുക്കില്ലെന്ന്. കഷ്ടം!. എന്തെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ?.” മല്ലിക സുകുമാരൻ പറഞ്ഞു.
”അവന്‍ എടുത്തിരിക്കുന്ന എല്ലാ സിനിമയിലും പുതിയ ആളുകളാണ്. കുരുതി തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ മതി. മോഹന്‍ലാലിന്റെ പടത്തില്‍ സംവിധാനം ചെയ്യാന്‍ പോയ കാര്യമല്ല പറയുന്നത്. അവന്റെ പൈസ മുടക്കിയെടുക്കുന്ന സിനിമയിലെ സംഗീത സംവിധായകര്‍, ആര്‍ട്ടിസ്റ്റുകള്‍, എഴുത്തുകാര്‍ എല്ലാം പുതിയ ആളുകളാണ്. ചോദിച്ചുനോക്കട്ടെ. അതൊന്നും അന്വേഷിക്കണ്ട. ആരെയങ്കിലും ഒന്ന് സുഖിപ്പിച്ച് വല്യ കാര്യവും സാധിക്കാന്‍ വേണ്ടി മൈക്ക് വച്ച് അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു നടക്കും. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കും പലതും പറയാനാകും. പിന്നെ പാവം കൊച്ചന്‍ ജീവിച്ചു പൊക്കോട്ടെയെന്ന് കരുതിയിട്ടാണ്. അവന്‍ എവിടെ കിടക്കുന്നു, ഞാന്‍ എവിടെ കിടക്കുന്നു. എനിക്ക് 71 വയസായി. വളര്‍ന്നു വരുന്നൊരു കലാകാരന്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടോട്ടെയെന്ന് കരുതി. അഖില്‍ മാരോട് എനിക്ക് എന്തെങ്കിലും ബഹുമാനം ഉണ്ടായിരുന്നുവെങ്കില്‍ അത് പോയി കിട്ടി. ഞാനിപ്പോള്‍ അയാളെ കാണുന്നത് ഒരു ട്രോളന്‍ ആയിട്ടാണ്.” മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.