‘മാലിക്ക്’ ആമസോണില്‍; റിലീസ് പ്രഖ്യാപിച്ചു

ഫഹദ് ഫാസില്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യം മൂലം ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ചിത്രത്തിന്റെ ഒടിടി റിലീസിനായി നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫിലിം ചേമ്പറിനെ സമീപിക്കുകയായിരുന്നു. നേരത്തെ ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ മാസമായിരുന്നു മാലിക്കിന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം തിയേറ്ററുകള്‍ അടച്ചത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇതുവരെ മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഒരു സിനിമയാണ് മാലിക് എന്നാണ് ട്രെയി്‌ലറില്‍ നിന്ന് മനസിലാവുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്.

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും ഫഹദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. നിമിഷ സജയനാണ് മാലിക്കിലെ നായിക. ചിത്രത്തിനായി ഫഹദ് ശരീരഭാരം കുറച്ചിരുന്നു. മെലിഞ്ഞ രൂപത്തിലുളള ഫഹദിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 15 കിലോയോളം ഫഹദ് കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്വലിക്കുന്ന കണ്ണുകളും നരച്ച മുടിയുമായി ഉറ്റുനോക്കുന്ന ഫഹദിനെയാണ് ആദ്യ പോസ്റ്ററില്‍ കാണുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജലജ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലറായ മാലിക്ക് 30 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് നിര്‍മ്മാണം. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിങ് മഹേഷ് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനിങ് സന്തോഷ് രാമന്‍, സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ എന്നിവരാണ്.

തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.