
നടൻ മോഹൻലാലിനെ ആദരിക്കുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിനുവേണ്ടി മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ മറ്റു പ്രമുഖരും ചടങ്ങില്‍ അതിഥികളായി എത്തും.
ആദരിക്കല്‍ ചടങ്ങിനെത്തുടര്‍ന്ന് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം ‘രാഗം മോഹനം’ അരങ്ങേറും. മോഹന്‍ലാല്‍ സിനിമകളിലെ നായികമാരും ഗായികമാരും വേദിയില്‍ എത്തും. കലാസന്ധ്യയുടെ ഭാഗമായി മോഹന്‍ലാലും വേദിയില്‍ കലാ അവതരണങ്ങള്‍ നടത്തും.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടൻ മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത്.മലയാള സിനിമാ ചരിത്രത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണണന് ശേഷം ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ വ്യക്‌തിയാണ് മോഹൻലാൽ.