‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്; പൃഥ്വിരാജിന്‍റെ റോളില്‍ അക്ഷയ് കുമാര്‍

‘ഡ്രൈവിംഗ് ലൈസന്‍സ്’ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു.അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി മറ്റൊരാള്‍ക്കുവേണ്ടി അവസാനമായി എഴുതിയ തിരക്കഥയായിരുന്നു ‘ഡ്രൈവിംഗ് ലൈസന്‍സ്’. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ നടനും അയാളുടെ വലിയ ആരാധകനായ ആര്‍ടിഒയ്ക്കും ഇടയിലുണ്ടാവുന്ന ഈഗോ പ്രശ്‌നങ്ങളില്‍ ഊന്നി കഥ പറഞ്ഞ ചിത്രം. ‘അയ്യപ്പനും കോശി’ക്കും മുന്‍പേ തിയറ്ററുകളിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ലാല്‍ ജൂനിയര്‍ ആയിരുന്നു. ബോക്‌സ് ഓഫീസ് വിജയവുമായിരുന്നു ചിത്രം.

പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പര്‍താരത്തിന്റെ വേഷത്തില്‍ ബോളിവുഡിലെ ഒന്നാംനിര താരം അക്ഷയ് കുമാര്‍ ആവും എത്തുക. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ആര്‍ടിഒയുടെ റോളില്‍ എത്തുക ഇമ്രാന്‍ ഹാഷ്മിയും . ‘ഗുഡ് ന്യൂസ്’ (2019) സംവിധായകനായ രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആവും നിര്‍മ്മാണം.

മലയാളം ഒറിജിനല്‍ അക്ഷയ് കുമാറിനും രാജ് മെഹ്തയ്ക്കും വളരെ ഇഷ്ടമായെന്നും എന്നാല്‍ ബോളിവുഡ് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ചില തിരുത്തലുകളോടെയാവും ചിത്രം റീമേക്ക് എത്തുകയെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു. 2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് യുകെയില്‍ 40 ദിവസത്തെ ഷെഡ്യൂളും ഉണ്ട്.

അതേസമയം രണ്ട് തമിഴ് ചിത്രങ്ങളുടെ വരാനിരിക്കുന്ന ഹിന്ദി റീമേക്കുകളിലും അക്ഷയ് കുമാര്‍ ആണ് നായകന്‍. ബച്ചന്‍ പാണ്ഡേ (ജിഗര്‍തണ്ടയുടെ റീമേക്ക്), സിന്‍ഡറെല്ല (രാക്ഷസന്‍ റീമേക്ക്) എന്നിവയാണ് അവ. സൂര്യവന്‍ശി, പൃഥ്വിരാജ്, രക്ഷാബന്ധന്‍, രാം സേതു, ഓ മൈ ഗോഡ് 2 എന്നിവയാണ് അക്ഷയ് നായകനായി പുറത്തെത്താനുള്ള മറ്റു സിനിമകള്‍.മലയാള ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമായി പ്രധാനകഥാപാത്രങ്ങളായി എത്തിയത്.