രണ്ടാം പിണറായി സര്‍ക്കാരിന് വെര്‍ച്വല്‍ സംഗീതാശംസയുമായി താരങ്ങള്‍,മമ്മൂട്ടി ആമുഖ സന്ദേശം അവതരിപ്പിക്കും

പിണറായി സര്‍ക്കാരിന്റെ  സത്യപ്രതിജ്ഞാവേദിയില്‍ 52 സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന വെര്‍ച്വല്‍ സംഗീത ആല്‍ബം അരങ്ങേറും. നവകേരള ഗീതാഞ്ജലി എന്ന പേരിലാണ് ഇടതുസര്‍ക്കാരിന്റെ ചരിത്രവും നേട്ടവും വിവരിക്കുന്ന സംഗീത ആല്‍ബം. മമ്മൂട്ടിയാണ് ആമുഖ സന്ദേശം നല്‍കുന്നത്. 52 ഗായകരും സംഗാതജ്ഞരും അണിനിരക്കുന്ന വെര്‍ച്വല്‍ സംഗീതാശംസ സത്യപ്രതിജ്ഞ വേദിയിലെ വീഡിയോ വാളില്‍ ഉച്ഛക്ക് 2.50 മുതല്‍ പ്രദര്‍ശനം തുടങ്ങും.

മമ്മൂട്ടി നവകേരള ഗീതാഞ്ജലി അവതരിപ്പിക്കും. യേശുദാസ്, എ.ആര്‍. റഹ്‌മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി,ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, ശ്വേതാ മോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാ നമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിഹരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് സംഗീത ആല്‍ബത്തില്‍ പാടിയിരിക്കുന്നത്

ഇഎംഎസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരം ചെയ്യുന്നതാണ് ആല്‍ബം. മലയാളത്തില്‍ ആദ്യമായാണ് ഇത്രധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ആല്‍ബം വരുന്നത്.

17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും പ്രമുഖ നേതാക്കളും സ്ഥാനം ഒഴിയുന്ന അംഗങ്ങളും അടക്കം എംഎല്‍എമാരും അടക്കം അഞ്ഞൂറില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക. കൊവിഡ്-19 സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങ് കാണും.നിരവധി പേരാണ് രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.