മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം സിനിമയാവുന്നു, നിര്‍മ്മാണം മഹേഷ് ബാബു

തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവാണ്. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് മഹേഷ് ബാബുവിന്റെ ഗട്ടമനേനി മഹേഷ്ബാബു എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശശികിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന മേജറില്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വേഷമവതരിപ്പിക്കുന്നത് തെലുങ്കിലെ യുവതാരവും സംവിധായകനുമായ അദ്വിശേഷാണ്. ശോഭിത ദുലീപാലയാണ് നായിക. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ശോഭിത ദുല്‍ഖറിന്റെ കുറുപ്പിലെയും നായികയാണ്. ഹിമാചലില്‍ ചിത്രീകരണം പുരോഗമിക്കുന്ന മേജര്‍ ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.

2008 നവംബര്‍ 27ന് മുംബൈയിലെ താജ് ഹോട്ടലില്‍ ഭീകരര്‍ ബന്ദികളാക്കിയ പതിനാല് പേരെയാണ് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള കമാന്‍ഡോ സംഘം രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം തന്റെ സംഘാംഗങ്ങളെയും രക്ഷപ്പെടുത്തിയ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ ഒടുവില്‍ ഭീകരരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.