
മോഹൻലാലിന് എങ്ങനെ കേണൽ പദവി ലഭിച്ചുവെന്ന് വെളിപ്പെടുത്തി നടനും, സംവിധായകനുമായ മേജർ രവി. എന്തോ ഔദാര്യം കൊടുത്തുവെന്ന് പറയുന്നതുപോലെ ലെഫ്റ്റനന്റ് കേണൽ പദവി ലാലിന് എന്തിന് കൊടുത്തുവെന്ന് ചോദിക്കുന്നത് മോശമാണെന്നും, ലാലേട്ടൻ എന്ന വ്യക്തി അഞ്ച് വയസുകാരുടേയും എൺപത് വയസുകാരുടേയും ഹാർട്ട്ത്രോബാണെന്നും മേജർ രവി പറഞ്ഞു. കൂടാതെ അപർകർഷതബോധമുള്ള പട്ടാളത്തിൽ ഒരു ജോലിയും ചെയ്യാതെ ടൈം സ്കെയിൽ പ്രമോഷനും വാങ്ങി വീട്ടിൽ വന്ന് കള്ളും കുടിച്ച് ചാവാൻ വേണ്ടി കാത്തിരിക്കുന്ന ചില ആളുകളാണ് മോഹൻലാലിനെ അവനെന്നൊക്കെ വിളിക്കാറെന്നും. കാശ്മീർ വിസിറ്റിന് പോകുമ്പോൾ ലാൽ സ്വന്തമായി പൈസമുടക്കുകയാണ് ചെയ്യാറെന്നും മേജർ രവി കൂട്ടിച്ചേർത്തു. പോപ്പിൻസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ലാലിന് കൊടുത്തുവെന്ന് പറയുന്ന പദപ്രയോഗം തന്നെ തെറ്റാണ്. എന്തോ ഔദാര്യം കൊടുത്തുവെന്ന് പറയുന്നതുപോലെയാണ് ആ ഭാഷ. പടങ്ങൾ ചെയ്ത് കഴിയുമ്പോൾ ആർമി ക്ലിയറൻസിന് വേണ്ടി ഞാൻ ഇതെല്ലാം ബന്ധപ്പെട്ടവരെ കൊണ്ടുപോയി കാണിക്കും. അവിടുത്തെ മലയാളി ഓഫീസേഴ്സും ജനറൽസും എല്ലാം എന്റെ സിനിമ കണ്ടിട്ടുണ്ടായിരുന്നു. അതിനുശേഷം എന്തുകൊണ്ട് ലാലിനെ അംബാസിഡറാക്കികൂടാ എന്ന ചോചോദ്യം വന്നത്. ഇപ്പോഴും എന്റെ അടുത്ത് ആർമിയിൽ നിന്നും വന്ന റിക്വസ്റ്റ് കിടപ്പുണ്ട്. ഏതെങ്കിലും നല്ലൊരു ആർട്ടിസ്റ്റിനെ അംബാസിഡറാക്കാൻ പറ്റുമോ എന്നുള്ള തരത്തിൽ. അന്ന് ഇതുപോലൊരു ചോദ്യം വന്നപ്പോൾ ഞാൻ ലാലിനോട് ചോദിച്ചു. അദ്ദേഹം റെഡിയാണെന്നും പറഞ്ഞു. അതിനുശേഷമാണ് ബാക്കി പേപ്പറുകൾ പ്രോസസ് ചെയ്തത്. മനോവീര്യം വർധിപ്പിക്കുന്നൊരു ഫാക്ടർ ഇതിലുണ്ട്. ലാലേട്ടൻ എന്ന വ്യക്തി അഞ്ച് വയസുകാരുടേയും എൺപത് വയസുകാരുടേയും ഹാർട്ട്ത്രോബാണ്. അതിൽ ഒരു സംശയവുമില്ല. വളരെ വിരളമായി മാത്രം നമുക്ക് കിട്ടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ലാൽ. എനിക്ക് മൂന്ന് വയസ് പ്രായമുള്ള കുട്ടികളുടെ വോയ്സ് മെസേജൊക്കെ വരും. മോഹൻലാലിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കരയുന്നതാണ്. അതുപോലെ ലാലേട്ടനെ കാണണം എന്ന ആഗ്രഹം പറഞ്ഞ് എന്നെ സമീപിക്കുന്ന എൺപത് വയസ് പ്രായമുള്ള അമ്മൂമ്മമാരുമുണ്ട്. ഇങ്ങനൊരു വ്യക്തി യൂണിഫോം ഇട്ട് കഴിഞ്ഞാൽ… അത് നിങ്ങൾക്ക് അറിയില്ല അതിന്റെ ഗുണങ്ങൾ. എകെ ആന്റണി സാർ പ്രതിരോധ മന്ത്രിയായിരുന്ന സമയത്താണ് ലാലിന് കേണൽ പദവി കിട്ടുന്നത്. പട്ടാളത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി ഞാൻ ഒരു അക്കാദമി നടത്തുന്നുണ്ട്. പട്ടാളത്തിൽ ചേരാനുള്ള ആഗ്രഹം മൂലം സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുന്ന പിള്ളേരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതൊന്നും ആർക്കും അറിയില്ല.” മേജർ രവി പറഞ്ഞു.
“ചില പട്ടാളക്കാർ അടക്കം എന്നോട് ചോദിക്കും എന്തിനാടാ നീ അവനെ റെക്കമെന്റ് ചെയ്തതെന്ന്. അവൻ എന്നൊക്കെ ലാലിനെ അവർ അഭിസംബോധന ചെയ്യുന്നത് അപർകർഷതബോധമുള്ള പട്ടാളത്തിൽ ഒരു ജോലിയും ചെയ്യാതെ ടൈം സ്കെയിൽ പ്രമോഷനും വാങ്ങി വീട്ടിൽ വന്ന് കള്ളും കുടിച്ച് ചാവാൻ വേണ്ടി കാത്തിരിക്കുന്ന ചില പട്ടാളക്കാരുണ്ട് അവരാണ് ഇങ്ങനെ ചോദിക്കുന്നത്. ഇവർക്ക് മറ്റുള്ളവരെ അംഗീകരിക്കാൻ പറ്റില്ല. ഇവന്മാർ എനിക്ക് എതിരേയും എഴുതാറുണ്ട്. മോഹൻലാലിനേയും കുറ്റം പറയും. ഞങ്ങളുടെ ലാലേട്ടൻ പട്ടാള യൂണിഫോമിലാണ്. ആ വികാരം കാരണം പട്ടാളത്തിൽ ചേരാൻ ശരീരവും മനസ് തയ്യാറാക്കി ഒരുപാട് പേർ ഇത്രയും വർഷത്തിന് ഇടയിൽ വന്നു. അതൊന്നും പറഞ്ഞാൽ മറ്റാർക്കും മനസിലാവില്ല. അതിന് മോഹൻലാലിനെ സ്നേഹിക്കണം അറിയാൻ ശ്രമിക്കണം. കേണൽ പദവി കിട്ടിയതുകൊണ്ട് അഞ്ച് പൈസ ഗുണമില്ല. കാശ്മീർ വിസിറ്റിന് പോകുമ്പോൾ ലാൽ സ്വന്തമായി പൈസമുടക്കുകയാണ് ചെയ്യാറ്. താമസം മാത്രം പട്ടാളത്തിൽ നിന്നും നൽകും. ഒരു കുപ്പി കള്ള് പോലും ലാലിന് ലഭിക്കില്ല. ചിലയിടങ്ങളിൽ പോകുമ്പോൾ ആ യൂണിഫോമിട്ട് പോകാമെന്ന് മാത്രം. കാമഫ്ലേജ് സൈനിക യൂണിഫോം ധരിച്ചാണ് അന്ന് വയനാട്ടിൽ ലാൽ എത്തിയത്. ആ യൂണിഫോമിൽ താടിയുണ്ടെങ്കിലും കുഴപ്പമില്ല. അതെല്ലാം ഞാൻ കൃത്യമായി നോക്കിയിരുന്നു എന്നും മേജർ രവി പറഞ്ഞു.” മേജർ രവി കൂട്ടിച്ചേർത്തു.
ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചശേഷം ഏറ്റവും കൂടുതൽ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് മോഹൻലാൽ. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ താരം ആർമിക്കൊപ്പം സ്ഥലം സന്ദർശിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും എത്തിയിരുന്നു. അന്നും മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവിയെ പലരും പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.