‘തന്റെ ചിത്രമായ യാത്ര കണ്ടില്ലെങ്കിലും പേരന്‍പ് കാണാതെ പോകരുത്’ ; സംവിധായകന്‍ മഹി വി രാഘവ്

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം ‘പേരന്‍പി’നെയും മമ്മൂട്ടിയെയും പ്രശംസിച്ച് സംവിധായകന്‍ മഹി വി രാഘവ്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര’യുടെ സംവിധായകനാണ് മഹി. ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും പേരന്‍പിന്റെ സംവിധായകന്‍ റാമിനെ വണങ്ങുന്നുവെന്നും മഹി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്റെ ചിത്രമായ യാത്ര കണ്ടില്ലെങ്കില്‍ പോലും എല്ലാവരും പേരന്‍പ് കാണണമെന്നാണ് മഹി പറയുന്നത്.

മഹിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഒരു കഥാപാത്രമായി മാറാനും രൂപാന്തരപ്പെടാനും മമ്മൂട്ടി സാറിനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. യാത്രയില്‍ വൈഎസ്ആര്‍ ആയി അദ്ദേഹത്തെ കാണാനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുമുള്ള ഭാഗ്യം ലഭിച്ചു. പേരന്‍പ് കണ്ടു. മുന്‍പ് അദ്ദേഹം അവതരിപ്പിച്ച ഏതെങ്കിലുമൊരു കഥാപാത്രവുമായി യാതൊരു വിധത്തിലും സാമ്യം തോന്നുന്നതായിരുന്നില്ല പേരന്‍പിലെ കഥാപാത്രം, അവരുടെ നിഴലുകള്‍ പോലുമുണ്ടായിരുന്നില്ല.
അമുദന്‍ (പേരന്‍പ്)
ദേവ (ദളപതി)
ഭാസ്‌കര പട്ടേല്‍ (വിധേയന്‍)
സ്‌കൂള്‍ ടീച്ചര്‍ (തനിയാവര്‍ത്തനം)
പാപ്പ, അമുദന്‍, വിജി, മീര. എന്തിന് ആ മഞ്ഞിനും പൂച്ചക്കും വരെ എന്തെങ്കിലുമൊക്കെ എന്നോട് പറയാനുണ്ടായിരുന്നു. കഥപറഞ്ഞ റാമിനെ വണങ്ങുന്നു. കൂടുതല്‍ വാക്കുകള്‍ പറയാനില്ല, എനിക്കിങ്ങനെ കഥ പറയാനാകില്ലല്ലോ എന്ന അസൂയ മാത്രമേ ഉള്ളൂ. യാത്ര കാണണമെന്ന് ഞാന്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, പേരന്‍പ് കാണണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്’. മഹി വി രാഘവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.