
ഓൺലൈൻ മാധ്യമങ്ങളുടെ അതിപ്രസരവും അതിരുകടന്ന ഇടപെടലുകളും സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടെ ഓൺലൈൻ മാധ്യമങ്ങളിൽ നിന്നുണ്ടായ മോശം അനുഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മഹേഷ് നായർ. താൻ മരണപ്പെട്ടാൽ മണിക്കൂറുകൾക്കകം ശരീരം സംസ്കരിക്കണമെന്നും ആ കാഴ്ച മറ്റുള്ളവരിൽ ഒരു രീതിയിലുമുള്ള സങ്കടമോ അലോസരമോ ഉണ്ടാക്കരുതെന്നുമാണ് മഹേഷ് വ്യക്തമാക്കുന്നത്.
താൻ അത്ര വലിയ ജനപ്രീതിയുള്ള അല്ലെങ്കിൽ ആളുകൾക്ക് ഏറെ അറിയപ്പെടുന്ന ഒരു നടനല്ലെന്ന് മഹേഷ് തുറന്നുപറയുന്നു. എങ്കിലും തന്റെ മരണശേഷം നിശ്ചലമായി കിടക്കുന്ന ശരീരം കണ്ട് ആർക്കും ബുദ്ധിമുട്ടുണ്ടാകരുത് എന്ന് തനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് മരണാനന്തരം ഒരുപാട് സമയം കാത്തുനിൽക്കാതെ എത്രയും പെട്ടെന്ന് തന്നെ ശരീരം ചാരമാക്കി മാറ്റണമെന്ന് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ വൈകാരികമായ പ്രതികരണം. പൊതുവേദികളിലും സംസ്കാര ചടങ്ങുകളിലും ക്യാമറകളുമായി എത്തുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതികൾക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്ന സമയത്താണ് മഹേഷ് നായരുടെ ഈ വാക്കുകൾ ശ്രദ്ധേയമാകുന്നത്.
“പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു. ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും”, എന്നായിരുന്നു മഹേഷ് നായരുടെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. ‘ഉദ്ദേശിച്ചത് സിമ്പിൾ ആണ്. ക്യാമറയും തൂക്കി ഒരു യൂട്യൂബർന്മാരും വരണ്ട. മനസമാധാനം ആയി കാര്യങ്ങൾ നടക്കണം എന്നാണ്, മഹേഷേട്ടനെ അറിയില്ലന്നോ, ഞങ്ങൾ 90s kids മറക്കില്ല നിങ്ങളെ, ജീവിച്ചിരിക്കുന്ന കാലത്ത് നല്ല നാല് വാക്ക് പറയാത്തവർ ആണ് മരിച്ചു കിടക്കുമ്പോൾ കീർത്തനങ്ങളുമായി വരുന്നത്, ഇങ്ങനൊന്നും പറയല്ലെ ചേട്ടാ, സങ്കടമാണ്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.