
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അരുൾനിധി ചിത്രം ‘ഡിമോണ്ടെ കോളനി 3’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിർമാതാക്കളും സംവിധായകൻ അജയ് ജ്ഞാനമുത്തുവും തമ്മിലുള്ള നിയമതർക്കത്തെത്തുടർന്നാണ് നടപടി. സിനിമ തിയേറ്ററുകളിലോ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലോ പ്രദർശിപ്പിക്കുന്നതാണ് കോടതി സ്റ്റേ ചെയ്തത്.
ചിത്രത്തിന്റെ നിർമാണം, വിതരണം, ഒ.ടി.ടി ബിസിനസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടാക്കിയ കരാറുകൾ സംവിധായകൻ ലംഘിച്ചുവെന്ന് കാണിച്ച് വൈറ്റ് നൈറ്റ്സ് എന്റർടെയിൻമെന്റ്സ് നിർമാതാവ് വിജയസുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഹർജി പരിഗണിച്ച ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ബെഞ്ച്, അജയ് ജ്ഞാനമുത്തുവിനോട് നാലാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഡിമോണ്ടെ കോളനി 2’ വൻ വിജയമായതിനെത്തുടർന്ന് 2023 ജനുവരി രണ്ടിനാണ് നിർമാതാവും സംവിധായകനും തമ്മിൽ കരാർ ഒപ്പിട്ടത്. ചിത്രത്തിന്റെ മൂന്നും നാലും ഭാഗങ്ങളുടെ നിർമാണം, വിപണനം, ഒ.ടി.ടി ബിസിനസ് എന്നിവ കരാറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ അറിവില്ലാതെ സംവിധായകൻ പാഷൻ സ്റ്റുഡിയോസ് എന്ന മറ്റൊരു കമ്പനിയുമായി ചേർന്ന് ചിത്രീകരണം നടത്തിയെന്നാണ് പ്രധാന ആരോപണം.
ഇതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ പാഷൻ സ്റ്റുഡിയോ സാങ്കേതികസഹായം മാത്രമാണ് നൽകുന്നതെന്നും സുബ്രഹ്മണ്യൻ തന്നെയാണ് നിർമാതാവെന്നും വിശ്വസിപ്പിച്ചു. എന്നാൽ പിന്നീട് സംവിധായകനും പാഷൻ സ്റ്റുഡിയോസും ചേർന്ന് രഹസ്യമായി ചിത്രം സെൻസർ ചെയ്യുകയും, പ്രൊമോഷണൽ മെറ്റീരിയലുകളിലോ ടൈറ്റിൽ കാർഡുകളിലോ നിർമാതാവിന്റെ പേരോ കമ്പനി വിവരങ്ങളോ ഉൾപ്പെടുത്താതെ കരാറുകൾ ലംഘിക്കുകയുമായിരുന്നു എന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഈ വിഷയം സിനിമയുടെ അണിയറപ്രവർത്തകർക്കും സിനിമാമേഖലയ്ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.