മധുവാര്യര്‍ സംവിധായകവേഷമണിയുന്നു… പ്രധാന കഥാപാത്രങ്ങളായി മഞ്ജുവും ബിജു മേനോനും..

','

' ); } ?>

മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യര്‍ സംവിധായക വേഷത്തിലേക്ക്. നിര്‍മ്മാതാവും നടനുമായ താരത്തിന്റെ അരങ്ങേറ്റസംവിധാനത്തില്‍ മഞ്ജു വിനോടൊപ്പം ബിജു മേനോനും കേന്ദ്രകഥാപാത്രമായി എത്തുന്നു. മധു വാര്യരുടെ തന്നെ കഥയ്ക്ക് പ്രമോദ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. ചിത്രം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. പി സുകുമാര്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. ‘കാമ്പസ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മധു വാര്യര്‍ സ്വ ലേ, മായാമോഹിനി എന്നീ സിനിമകളുടെ സഹനിര്‍മ്മാതാവാണ്.

നിരവധി ചിത്രങ്ങളില്‍ ബിജു മേനോനും മഞ്ജു വാര്യരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചെത്തിയത്. ഈ ചിത്രത്തില്‍ നെഗറ്റീവ് റോളിലായിരുന്നു ബിജു മേനോന്‍. പ്രണയവര്‍ണ്ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, ഇന്നലെകളില്ലാതെ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന ചിത്രമാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. ധനുഷ് ആണ് നായകന്‍. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലിമരക്കാര്‍, സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ എന്നിവയും മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമകളാണ്. അതേ സമയം നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയാണ് ബിജു മേനോന്‍ അവസാനമായി അഭിനയിച്ച ചിത്രം.