
വിദേശ പഠന കാലത്ത് താൻ ക്ലിനിക്കൽ ഡിപ്രഷനിലായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ മാധവ് സുരേഷ്. അന്ന് തനിക്ക് പണം നൽകിയിരുന്നതും, തന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നതും അച്ഛനാണെന്നും, ബെഡിൽ നിന്നും പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നെന്നും മാധവ് സുരേഷ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം “അങ്കം അട്ടഹാസത്തിന്റെ പ്രൊമോഷണൽ അഭിമുഖത്തിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ്.
“ഞാൻ ഒരുപാട് ട്രാവലിങ് നടത്തിയിട്ടില്ല. ലണ്ടനിൽ പഠിച്ചിരുന്ന സമയത്ത് ബാത്ത് എന്നൊരു സ്ഥലമുണ്ട്. അവിടെ ഞാൻ പോയിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് പോയത്. ട്രെയിനിൽ പോയി രാത്രി മുഴുവൻ ആ _പദേശം കറങ്ങി നടന്ന് കണ്ട് പിറ്റേദിവസം തിരിച്ച് വന്നു. സ്കോട്ട്ലാൻ്റിലൊന്നും പോയിട്ടില്ല. നാല് വർഷത്തോളം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും എവിടേയും ഞാൻ യാത്ര പോകാതിരുന്നതിൻ്റെ കാരണം വെളിപ്പെടുത്തിയാൽ ട്രോൾ വരുത്തി വെക്കുന്നത് പോലെയാകും.
മെൻ്റൽ ഹെൽത്ത് എന്നത് റിയലായ ഒന്നാണ്. നല്ല ജീവിത സാഹചര്യവുമുള്ളയാളും ഡിപ്രഷനിലേക്ക് പോകുന്നതിൽ ഒരു തെറ്റുമില്ല. അതുപോലെ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാളാണ് ഞാൻ. ക്ലിനിക്കലി വിഷാദരോഗം എന്നിൽ കണ്ടെത്തിയിരുന്നു. കാര്യം എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.” മാധവ് സുരേഷ് പറഞ്ഞു.
“ഒരു പരിധിയിൽ കൂടുതൽ സെൽഫ് റെസ്പെക്ട് കളഞ്ഞ് നിൽക്കുകയും നമ്മുടെ ശരീരത്തെ നമ്മൾ തന്നെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്‌താൽ നമ്മുടെ ശരീരം നമ്മളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കും. ഇത് കേൾക്കുമ്പോൾ ചിലർക്കെങ്കിലും കളിയാക്കാൻ തോന്നും. പക്ഷെ സത്യം പറയട്ടെ മാനസികാരോഗ്യം എന്നത് സത്യമാണ്. നാല് വർഷം ഞാൻ അവിടെ പഠിച്ചപ്പോൾ എന്റെ കാര്യങ്ങൾ നോക്കിയത് അച്ഛൻ തന്നെയാണ്. അല്ലാതെ അച്ഛൻ പണം തരാതെ ഇരുന്നിട്ടില്ല. പക്ഷെ എന്തുകൊണ്ടോ പുറത്തിറങ്ങി പോകാനോ സ്ഥലങ്ങൾ കാണാനോ ഒന്നും എനിക്ക് തോന്നിയിരുന്നില്ല.
ബെഡ്ഡിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്. റോബോട്ടിക്ക് ലൈഫ് പോലെയാകും ആ സമയത്ത് ജീവിതം. അന്ന് നല്ല ജീവിത സാഹചര്യവും മൂന്ന് നേരം ഭക്ഷണവും എന്ത് സഹായത്തിനുമായി മാതാപിതാക്കളുമെല്ലാം എനിക്ക് ഉണ്ടായിരുന്നു. എൻ്റെ പ്രശ്‌നങ്ങളല്ല ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നും എനിക്ക് അറിയാം. പക്ഷെ അന്ന് ഞാൻ അനുഭവിച്ചത് എനിക്ക് ഏറ്റവു വലിയ പ്രശ്‌നങ്ങൾ തന്നെയായിരുന്നു.” മാധവ് സുരേഷ് കൂട്ടിച്ചേർത്തു.