‘മാനാട്’ ദീപാവലിക്ക് , റിലീസ് പ്രഖ്യാപിച്ചു

ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘മാനാട്’ ദീപാവലിക്ക് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റ് ഇന്ന് രാവിലെ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. രജനീകാന്ത് നായകനാവുന്ന സിരുത്തൈ ശിവ ചിത്രം ‘അണ്ണാത്തെ’യും ദീപാവലി റിലീസ് ആണ്.

‘അബ്ദുള്‍ ഖാലിഖ്’ എന്നാണ് മാനാടില്‍ ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. ചിമ്പുവിനും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്. ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രവുമാണ് ഇത്.

കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. ഭാരതിരാജ, എസ് ജെ സൂര്യ, കരുണാകരന്‍, പ്രേംജി അമരന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഗൗതം വസുദേവ് മേനോന്റെ ‘വെന്ത് തനിന്തത് കാട്’, ഒബേലി എന്‍ കൃഷ്ണയുടെ പത്തു തല എന്നിവയാണ് ചിമ്പുവിന് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള മറ്റു സിനിമകള്‍.

വിണ്ണൈത്താണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിമ്പു-ഗൗതം മേനോന്‍-എആര്‍ റഹ്‌മാന്‍ കോംബോ വീണ്ടും ഒന്നിക്കുന്നുവെന്ന് ചിത്രമാണ് ‘വെന്ത് തനിന്തത് കാട്’.അതുകൊണ്ടുതന്നെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. വെയില്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ചത്. താമരൈയാണ് ഗാനരചയിതാവ്. തുടക്കത്തില്‍ ചിത്രത്തിന് ‘സണ്‍ റിവേഴ്സ്’ എന്നാണ് പേരിട്ടിരുന്നത്. പേര് പിന്നീട് മാറ്റി. 2010 ല്‍ ചിലമ്പരശനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായ’ വന്‍ വിജയമായിരുന്നു. 2016 -ല്‍ ‘അച്ചം യെന്‍പത് മടമയേത’ എന്ന സിനിമയും ഈ സഹകരണത്തില്‍ പുറത്തിറങ്ങിയെങ്കിലും വലിയ വിജയമായില്ല.