രാകേന്ദുകിരണങ്ങള്‍ മിഴി പൂട്ടി

രാകേന്ദുകിരണങ്ങള്‍ മിഴി പൂട്ടി .പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു.80 വയസായിരുന്നു അദ്ദേഹത്തിന്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍യില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മലയാളികള്‍ എന്നും പാടി നടക്കുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ച കവിക്ക് ആദരാഞ്ജലികളുമായി രാഷ്ട്രിയ സാംസ്‌കാരിക ലോകം.

 

സി.ജെ. ഭാസ്‌കരന്‍ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്. പരേതനായ ബാലഗോപാലന്‍ , പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍. 1972ല്‍ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ഭാര്യ. മകന്‍: സുമന്‍.

1981, 1991 ലും മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം അദ്ദേഹം നേടിയിരുന്നു.രാകേന്ദുകിരണങ്ങള്‍ (അവളുടെ രാവുകള്‍),വാകപ്പൂമരം ചൂടും (അനുഭവം),നീയും നിന്റെ കിളിക്കൊഞ്ചലും (കടല്‍ക്കാറ്റ്),ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിച്ചുവെങ്കില്‍ (അണിയാത്ത വളകള്‍),വെള്ളിച്ചില്ലും വിതറി (ഇണ),മൈനാകം (തൃഷ്ണ),ശ്രുതിയില്‍ നിന്നുയരും (തൃഷ്ണ),തേനും വയമ്പും (തേനും വയമ്പും),ആലിപ്പഴം (മൈ ഡിയര്‍ കുട്ടിച്ചാത്തന്‍),പൂങ്കാറ്റിനോടും (പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്),ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്),പാല്‍നിലാവിനും (കാബൂളിവാല) ഇവയൊക്കെയാണ് അദ്ദോഹത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങള്‍.

മിഴിയോരം നനഞ്ഞൊഴുകും…ബിച്ചു തിരുമല ജലശംഖുപുഷ്പം പോലെ ഒഴുകി മാഞ്ഞു. സിനിമാ ഗാനങ്ങളില്‍ നീലാകാശവും മേഘങ്ങളും അദ്ദേഹം മലയാളിക്ക് അനുഭവമായി നല്‍കി. ഒന്ന് നിനയ്ക്കും വേറൊന്ന് ഭവിക്കുമെന്ന് മനുഷ്യ ജീവിതത്തിന്റെ കേവലതയെ അദ്ദേഹം വരികളിലാക്കി. ആരാരോ ആരീരാരോ എന്ന് താരാട്ട് കുറിക്കാന്‍ ബിച്ചു തിരുമല ഇനിയില്ല. ജീവിതമെന്ന തൂക്കുപാലം അദ്ദേഹം പിന്നിട്ടിരിക്കുന്നു. ഏഴു സ്വരങ്ങളായി അദ്ദേഹം മലയാളിയുടെ നെഞ്ചില്‍ ജീവിക്കും. മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട… ആദരാഞ്ജലികള്‍ എന്നാണ് മന്ത്രി ശിവന്‍കുട്ട് ഫേസ്‌നുക്കില്‍ കുറിച്ചത്.സിനിമ രംഗത്തുളള നിവധി പ്രമുഖരും ആദരാഞ്ജലികള്‍ അറിയിച്ചിട്ടുണ്ട്.