ലൂസിഫര്‍ രണ്ടാം ഭാഗം ഒരുങ്ങുന്നു.. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയുമെന്ന് മുരളി ഗോപി..

മലയാള സിനിമയില്‍ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായ ലൂസിഫര്‍ രണ്ടാം ഭാഗത്തിന് ഒരുങ്ങുന്നു. ‘അബ്രാം ഖുറേഷി’ എന്ന ഇലുമിനാറ്റി തലവന്റെ നിഗൂഢതകളുമായി അവസാനിച്ച ആദ്യ ചിത്രം രണ്ടാം ഭാഗവുമായി ഉടനെത്തുന്ന വിവരം കഥാകൃത്തായ മുരളി ഗോപി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകള്‍ സംവിധായകന്‍ പൃഥ്വിരാജും നേരത്തെ നല്‍കിയിരുന്നു. അബ്രാം ഖുറേഷിയുടെ അധോലോക ജീവിതത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചുമാണ് പുതിയ ചിത്രത്തില്‍ സംസാരിക്കുന്നതെന്നാണ് സൂചനകള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ലൂസിഫര്‍ നിര്‍മ്മിച്ചത്. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, വിവേക് ഒബ്റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിങ്ങനെ ഒരു വന്‍ താര നിരയും ചിത്രത്തിലുണ്ടായിരുന്നു. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വഹിച്ച സിനിമയാണ് ലൂസിഫര്‍.