സ്റ്റീഫന്റെ മുന്‍ഗാമിയായി എമ്പുരാന്‍ .. ലൂസിഫറിന്റെ രണ്ടാം ഭാഗം ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വി..

മോഹന്‍ ലാല്‍ പൃഥ്വി ആരാധകരുടെ ഏറെ നാളത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്തുവിട്ടു. ‘ലൂസിഫര്‍ ആന്തം’ എന്ന പേരില്‍ നേരത്തെ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിനല്‍ പരാമര്‍ശിക്കുന്ന എമ്പുരാന്‍ എന്ന തലക്കെട്ടോടെയാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നല്‍കി ഉഷ ഉതുപ്പ് ആലപിച്ച എമ്പുരാനെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്നും ഇപ്പോള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച വേളയിലും ആരാധകര്‍ക്ക് സംശയം ഈ വാക്കിന്റെ അര്‍ത്ഥം എന്തെന്നായിരുന്നു

ഇപ്പോള്‍ ആരാധകരുടെ സംശയത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

‘എമ്പുരാന്‍ എന്നത് സത്യത്തില്‍ വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നത് കൊണ്ട് വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാവുന്ന വാക്കാണ്. തമ്പുരാനല്ല എമ്പുരാന്‍. എമ്പുരാന്‍ എന്ന് പറയുന്നത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു പ്രതിഭാസമാണ്. എമ്പുരാന്‍ എന്നത് ഒരു രാജാവിനേക്കാള്‍ മുകളിലാണ്. എന്നാല്‍ ദൈവത്തെക്കാള്‍ താഴ്ന്നവനുമാണ്. ‘ദി ഓവര്‍ലോര്‍ഡ’ അതാണ് എമ്പുരാന്റെ ശരിയായ അര്‍ഥം’. പൃഥ്വിരാജ് പറയുന്നു.

ലൂസിഫറിന്റെ ആദ്യ ഭാഗത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയ പൃഥ്വി എമ്പുരാന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. മോഹന്‍ലാല്‍ അവതരിപ്പിച്ച അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വി ലൂസിഫറില്‍ വേഷമിട്ടത്.

‘ആരാണ് ഖുറേഷി അബ്രാം, ഖുറേഷി അബ്രാമിന് ആരാണ് സയീദ് മസൂദ് എന്നത് മുരളിക്കും എനിക്കും ലൂസിഫര്‍ ആദ്യ ഭാഗം ചെയ്യുന്നതിന് മുന്‍പ് തന്നെ അറിയാം. സയീദ് ലൂസിഫറില്‍ കണ്ടത്ര ചെറിയ കഥാപാത്രമല്ല സ്റ്റീഫന്റെയോ ഖുറേഷിയുടെയോ ജീവിതത്തില്‍. അത് മാത്രമേ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. ലൂസിഫറിലേത് പോലെ തന്നെ ഒരുപാട് ലൊക്കേഷന്‍സ് ഉണ്ട്. കേരളം തന്നെയായിരിക്കും പ്രധാന ലൊക്കേഷന്‍’. പൃഥ്വി വ്യക്തമാക്കി