
തിന്മയും തിന്മയും തമ്മിലുള്ള പോരാട്ടം, എന്ന വിശേഷണത്തോടെയാണ് ലൂസിഫറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ‘ചെകുത്താനുമായുള്ള ഇടപാട്’ എന്നായിരുന്നു ലൂസിഫറിന്റെ ടാഗ് ലൈന്‍. ലൂസിഫറെന്നാല്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ ചെകുത്താന്റെ പ്രതീകമാണ്… അങ്ങനെ അങ്ങനെ വരവില്‍ത്തന്നെ നിഗൂഢതകള്‍ ഏറെയൊളിപ്പിച്ചാണ് ലൂസിഫര്‍ തിയേറ്ററിലെത്തിയത്. ചിത്രം ആരംഭിക്കുമ്പോള്‍ പി കെ രാംദാസ് എന്ന മരണപ്പെട്ട മുഖ്യമന്ത്രിയുടെ നിഴല്‍ പോലെയുള്ള സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രമായാണ് മോഹന്‍ ലാല്‍ വെള്ളിത്തിരയിലെത്തുന്നത്. ആതുര സേവന പ്രവര്‍ത്തനവും ചില്ലറ പിടിപാടുകളുമുള്ള ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്‍ മാത്രമല്ല സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന് ചിത്രം മുന്നോട്ട് പോകുമ്പോള്‍ വ്യക്തമാവുന്നു. രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഫണ്ടിങ്ങ് ലോബികള്‍ അവര്‍ക്കും മുകളിലുള്ള ഡ്രഗ് മാഫിയ ഇവര്‍ക്കെതിരിയെല്ലാമുള്ള പോരാട്ടമാണ് സ്റ്റീഫന്റേതെന്ന് നമുക്ക് ആദ്യം തോന്നുമെങ്കിലും അതുക്കും മേലെയാണ് കളിയെന്ന് ചിത്രം പൂര്‍ത്തിയാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുകയാണ്. ”സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല സാര്‍” എന്ന് ചിത്രത്തില്‍ പറയുന്ന ഡയലോഗ് പോലെ തന്നെ ചിത്രം കണ്ടുകഴിഞ്ഞ സാധാരണ പ്രേക്ഷകര്‍ക്കും ഒറ്റയടിക്ക് മനസ്സിലാകാന്‍ സാധ്യതയില്ലാത്ത ഒരു വിഷയത്തില്‍ നിന്നുമാണ് ലൂസിഫര്‍ പിറന്നത്. അതാണ് ഇലുമിനാറ്റി… സാധാരണ ചിത്രങ്ങളിലുള്ള വില്ലന്മാരെപ്പോലെ അധോലോകത്തില്‍ ഒതുങ്ങില്ല ഇലുമിനാറ്റി. ചിത്രം അവസാനിക്കുമ്പോള്‍ അതുവരെ വെളുത്ത മുണ്ടിലും ഷര്‍ട്ടിലും മാത്രം കണ്ട സ്റ്റീഫനെയല്ല പ്രേക്ഷകര്‍ കാണുന്നത്. ഇലുമിനാറ്റിയുടെ സിദ്ധാന്തം പോലെ അധോലോകങ്ങളുടെ അധോലോകത്തെ രാജാവിനെപ്പോലെ സ്റ്റീഫന് പകരം യഥാര്‍ത്ഥ പേരുവെളിപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ എന്‍ഡ് കാര്‍ഡ് വീഴുന്നത്. ആ വേളയില്‍ തന്നെ ഇലുമിനാറ്റിയുമായി ബന്ധപ്പെട്ട പേരുകള്‍ സ്‌ക്രീനില്‍ തെളിയുന്നുണ്ട്. മുരളി ഗോപിയെന്ന തിരക്കഥാകൃത്ത് ഇലുമിനാറ്റിയില്‍ നിന്നുമാണ് ലൂസിഫറിനെ കടഞ്ഞെടുത്തതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

എന്താണ് ഇലുമിനാറ്റി..?
ലോകമുണ്ടായ കാലം തൊട്ടേ ഭാഷക്കും ദേശത്തിനും അതിര്‍ത്തികള്‍ക്കുമപ്പുറം പ്രപഞ്ചത്തെ നിയന്ത്രിക്കാന്‍ ശക്തിയുള്ള ഒരു ഗൂഢ സംഘമുണ്ടെന്നും അതാണിലുമിനാറ്റിയെന്നും വിശ്വസിക്കപ്പെടുന്നു. കാലാകാലങ്ങളായി മാറി മാറി വരുന്ന തലമുറകളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിനൊപ്പം ആശയങ്ങളും പ്രത്യേക ഭാഷകളിലൂടെയും മറ്റുമാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കരുതുന്നു. ലോകത്തിന്റെ ഏത് കോണിലുള്ള ഇലുമിനാറ്റിയില്‍പെട്ടവര്‍ക്കും പരസ്പരം തിരിച്ചറിയാന്‍ അടയാളങ്ങളും മുദ്രകളുമുണ്ടാകും. ലോകത്ത് പണം കൊണ്ടും ആശയം കൊണ്ടും പ്രശസ്തരായവരില്‍ പലരും ഇലുമിനാറ്റിയിലുള്ളവരാണെന്നും പ്രചരിക്കുന്നുണ്ട്. ജീവിത വിജയത്തിലുള്ള നിഗൂഢ സിദ്ധാന്തങ്ങളത്രേ ഇവരുടെ വിജയ മന്ത്രം. ഒരു കൂട്ടം ആളുകളോടോ സമൂഹത്തോടോ ആശയപ്രചരണം നടത്തുമ്പോള്‍ അവര്‍ക്കുമേല്‍ മാനസിക ആധിപത്യം സ്ഥാപിക്കാനും ഇലുമിനാറ്റിയിലുള്ളവര്‍ക്ക് കഴിയുമെന്നുമാണ് വിശ്വാസം. ഇലുമിനാറ്റി തിരഞ്ഞും അതിന്റെ പിന്തുടര്‍ച്ചക്കാരാകാനും നിരവധി പേര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ രഹസ്യ സ്വഭാവം ഇലുമിനാറ്റിയെപ്പോലെ തന്നെ നിഗൂഢമായതിനാല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങുന്നവരാണ് ഏറെയും. തങ്ങളുടെ അറിവുകള്‍ ദുഷ്ട ശകതികളുടെ കൈയില്‍ എത്തിച്ചേര്‍ന്നാല്‍ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം അറിയാവുന്നതിനാലാണ് രഹസ്യ സ്വഭാവം പുലര്‍ത്തുന്നതെന്നും കരുതുന്നു.