നവാഗതന്‍ ശ്രീദേവ് കപ്പൂര്‍ സംവിധാനത്തില്‍ നായകരായി അപ്പാനി ശരത്തും ടിറ്റോ വില്‍സണും.. ‘ലൗ എഫ് എം’ ചിത്രീകരണം പൂര്‍ത്തിയായി..

രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കുന്ന0 ‘ലൗ എഫ് എം’ ചിത്രീകരണം പൂര്‍ത്തിയായി. അപ്പാനി ശരത് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു പ്രണയാനുഭവം സമ്മാനിച്ചുകൊണ്ട് രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് ചിത്രം അവതരിപ്പിക്കുന്നത്. യുവനടന്മാരുടെ സാന്നിധ്യം തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി എന്നിവര്‍ അപ്പാനിക്കൊപ്പം രസികരായ കഥാപാത്രങ്ങളുമായി ചിത്രത്തിലെത്തുന്നു. ഒരു ടീമായി ഇവര്‍ വെള്ളിത്തിരയില്‍ എത്തുന്നതും ചിത്രത്തിന്റെ പുതുമയാണ്. ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളായെത്തുന്നത്. സിനില്‍ സൈനുദ്ദീന്‍ ചിത്രത്തില്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. ഏതൊരു മലയാളിയുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ ‘റേഡിയോ’ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി സമ്മാനിക്കുകയാണ് ശ്രീദേവ്. റേഡിയോ ഒരു വികാരമായി നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നു. മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മില്‍ പുനര്‍ജനിക്കുകയാണ്.

മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം 12 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവന്ന ശ്രീദേവ് കപ്പൂരിന്റെ ആദ്യ സംവിധായ സംരംഭമാണ് ലൗ എഫ് എം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമ്പസ് ജീവിതത്തെപ്പറ്റി സിനിമ കടന്നുപോകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ക്യാമ്പസ് മൂവിയല്ലെന്ന് സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ പറയുന്നു.

” ലൗ എഫ് എം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് അവതരിപ്പിക്കുന്നത്. സ്വാഭാവികമായും ആ കാലഘട്ടത്തിലെ സാമൂഹ്യവിഷയങ്ങളും ജീവിത സാഹചര്യങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ” ശ്രീദേവ് മാധ്യമങ്ങളോട് പറഞ്ഞു.

ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു വ്യത്യസ്ത വേഷവുമായി നടന്‍ ദേവനും മാമുക്കോയ, ജാനകി കൃഷ്ണന്‍, ശശി കലിംഗ, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, സാജു കൊടിയന്‍, നിര്‍മ്മല്‍ പാലാഴി, ബിറ്റോ, നീനാകുറുപ്പ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരി നല്‍കിയിരിക്കുന്നത്. തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, മാഹി, കാസര്‍കോട് തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

രചന-സാജു കൊടിയന്‍, പി. ജിംഷാര്‍, ഛായാഗ്രഹണം – സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം – കൈതപ്രം വിശ്വനാഥന്‍, അഷ്‌റഫ് മഞ്ചേരി, പ്രദീപ് സാരണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊ.എക്‌സിക്യൂട്ടീവ് വിനോഷ് കൈമള്‍, എഡിറ്റിങ്- ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍ – രഞ്ജിത് കോത്തേരി, കോസ്റ്റ്യും – കുമാര്‍ എടപ്പാള്‍, മേക്കപ്പ് – മനോജ് അങ്കമാലി, കൊറിയോഗ്രാഫി – അരുണ്‍ നന്ദകുമാര്‍, ആക്ഷന്‍ ഡയറക്ടര്‍ – അഷ്‌റഫ് ഗുരുക്കള്‍, പിആര്‍ഒ – പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടര്‍സ് – സന്തോഷ് ലാല്‍ അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.