
സോഷ്യൽ മീഡിയയിൽ നടക്കുന്ന ആസൂത്രിത അപവാദപ്രചരണങ്ങൾക്കും വ്യക്തിഹത്യകൾക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന അഭിലാഷ് പിള്ളയുടെ കുറിപ്പിന് മറുപടിയുമായി ആനന്ദ് ശ്രീബാല ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ. “പ്രസ് മീറ്റിൽ വന്നിരുന്ന് കള്ളം പറഞ്ഞിട്ട് കാര്യമില്ല, നിങ്ങൾ ഇത് അർഹിക്കുന്നു മിസ്റ്റർ അഭിലാഷ്” എന്നാണ് ഗോപകുമാർ കുറിപ്പിന് താഴെ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, അഭിലാഷിൻ്റെ ഈ പോസ്റ്റിന് താഴെ സിനിമ മേഖലയിൽ നിന്നുള്ളവർ തന്നെ വിയോജിപ്പുമായി എത്തിയിട്ടുണ്ട്. സുമതി വളവിനു എങ്ങനെ 20 കോടിയായെന്നും, സുമതി വളവ് സീരിയൽ നിലവാരമുള്ള സിനിമയാണെന്നും, ഉണ്ണിമുകുന്ദനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ തെളിവുകൂടി ഹാജരാക്കേണ്ടിവരും എന്ന രീതിയിലുള്ള കമന്റുകളാണ് അഭിലാഷിൻ്റെ പോസ്റ്റിനു ലഭിക്കുന്നത്. ചുരുക്കം ചില പോസിറ്റീവ് കമൻ്റുകളും ലഭിക്കുന്നുണ്ട്.
നിർമാതാവ് മുരളി കുന്നുംപുറവുമായുള്ള തർക്കങ്ങൾ വാർത്താസമ്മേളനത്തിലൂടെ വിശദീകരിച്ചതിന് പിന്നാലെയാണ്, താൻ നേരിടുന്ന മാനസിക സംഘർഷങ്ങളും സൈബർ ആക്രമണങ്ങളും വെളിപ്പെടുത്തിക്കൊണ്ട് അഭിലാഷ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും സിനിമ തനിക്ക് വെറുമൊരു ഉപജീവനമാർഗ്ഗമല്ലെന്നും വ്യക്തമാക്കുന്ന കുറിപ്പിൽ, പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കുന്നവരെ തിരിച്ചറിയാൻ ഈ ദിവസങ്ങൾ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു. തന്നെ ‘ചതിയൻ’ എന്ന് വിളിച്ച നിർമാതാവിൻ്റെ ആരോപണങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും, എതിർപക്ഷത്തുള്ളവരെപ്പോലെ പണം നൽകി പിആർ വർക്ക് ചെയ്യിക്കാൻ തന്റെ കൈവശം സാമ്പത്തിക ശേഷിയില്ലെന്നും അഭിലാഷ് തുറന്നടിച്ചു. ഫേക്ക് ഐഡികളിലൂടെ നടക്കുന്ന കൂട്ടായ ആക്രമണങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അദ്ദേഹം നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
സിനിമയെ വിശ്വസിച്ച് തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നും, ഇനി ആത്മഹത്യ അല്ലാതെ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞ് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് പങ്കുവെച്ച വീഡിയോയാണ് പ്രശ്നങ്ങളുടെ തുടക്കം. സുമതി വളവ് എന്ന ചിത്രം വിജയം ആയില്ലെന്നും, അതിൽ തനിക്ക് ഏഴു കോടിയോളം നഷ്ടം വന്നെന്നും മുരളി ആരോപിച്ചിരുന്നു. കൂടാതെ മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണിമുകുന്ദനാണെന്ന് താൻ പിന്നീട് അറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിനു വിശദീകരണവുമായി മാളികപ്പുറം സംവിധായകനും തിരക്കഥാകൃത്തും രംഗത്തെത്തിയിരുന്നു. എല്ലാത്തിനും പിന്നിൽ പ്രവർത്തിക്കുന്നത് ഉണ്ണിമുകുന്ദനാണെന്നും, ഒരു കലാകാരന് ചേരാത്ത ഈഗോയാണ് ഉണ്ണിക്കുള്ളതെന്നും ഇരുവരും വാദിച്ചു.