വരുന്നൂ… ‘എ’ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കുമായി ലിജോ ജോസ് പെല്ലിശ്ശേരി

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ടെന്ന് നിര്‍മാതാക്കളുടെ അസോസിയേഷന്റെ കര്‍ശന നിര്‍ദേശമുണ്ടായതിന് പിന്നാലെയാണ് ഒരുപിടി സിനിമകളുടെ പ്രഖ്യാപനം നടന്നത്. ഇതേത്തുടര്‍ന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്ന പരമാര്‍ശവുമായി രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ സിനിമയുടെ ഫസ്റ്റ്‌ലുക്കുമായി സംവിധായകനെത്തിയിരികക്കുകയാണ്. ‘എ’ എന്നാണ് പുതിയ സിനിമയുടെ പേരെന്നും ജൂലൈ 1 ന് ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള ചലച്ചിത്രമേഖലയില്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവും നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. സിനിമയുടെ നിര്‍മാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുംമുമ്പ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങാന്‍ ധൃതി കാണിക്കേണ്ടെന്നായിരുന്നു സംഘടനയുടെ നിലപാട്. എന്നാല്‍ ചിത്രീകരണത്തിന് തടസ്സമില്ലെന്നും പുതിയ സിനിമകളുടെ റിലീസ് നിലവില്‍ റിലീസ് ചെയ്യാനുള്ളവയ്ക്കു ശേഷം മതിയെന്നുമാണ് ഫെഫ്കയുടെ നിലപാട്.

‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്നത് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ പേരാണെന്നാണ് പലരും ധരിച്ചത്. എന്നാല്‍ ‘സിനിമയുടെ പേരല്ല തീരുമാനമാണ്’ എന്നൊരു കുറിപ്പും ഇതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പങ്കുവച്ചു. ഉടന്‍ തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍.

2010ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി. പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേന്‍ (2013) എന്നീ വിജയ ചിത്രങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമായ ഡബിള്‍ ബാരല്‍ എന്ന പരീക്ഷണ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 86 പുതുമുഖങ്ങള്‍ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം. ശേഷം ഈ.മ.യൗ 2018 ല്‍ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. 2018 ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും സില്‍വര്‍ ക്രൗട്ട് ഫെസന്റ് അവാര്‍ഡ് ലഭിച്ചു. 2019ല് ഗോവയില്‍ വെച്ച് നടന്ന 50ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ രണ്ടാം വര്‍ഷവും തുടര്‍ച്ചയായി മികച്ച സംവിധായകനുള്ള രജതമയൂരം ജല്ലിക്കട്ട് എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.