മകളുടെ ദുരനുഭവം സിനിമയാക്കാന്‍ മാതാപിതാക്കള്‍; ‘കുരുവി പാപ്പ’യായ തന്‍ഹയുടെ ജീവിതകഥ

‘നിറത്തിന്റെയും വണ്ണത്തിന്റെയും പേരില്‍ കളിയാക്കിയവരും കളിയാക്കപ്പെട്ടവരും ഈ സിനിമ കാണുമ്പോള്‍ സ്വയം തിരിച്ചറിയും, ഇത് ഞാനല്ലേ എന്ന്. ഇതാണ് കുരുവി പാപ്പ എന്ന സിനിമയിലൂടെ ഉദ്ദേശിക്കുന്നത്.’ യഥാര്‍ത്ഥ ജീവിതത്തിലെ കുരുവി എന്ന് ഓമനപ്പേരുള്ള തന്‍ഹ ഫാത്തിമ ഇത് പറഞ്ഞപ്പോള്‍, അനുഭവിച്ചതില്‍ നിന്നെല്ലാം തരണം ചെയ്തതിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു. മകള്‍ ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ ലോകം അറിയണം, ഇനിയെങ്കിലും ആളുകള്‍ തിരുത്തണം. ഏറ്റവും മനോഹരമായി കഥ പറയാന്‍ കഴിയുന്ന സിനിമയെ അതിനുള്ള മാധ്യമമായി തിരഞ്ഞെടുത്തു. മകളുടെ കഥ പറയാന്‍ സിനിമ എടുക്കാന്‍ തീരുമാനിച്ച ആദ്യത്തെ മാതാപിതാക്കളാകണമെന്നില്ല നിലമ്പൂര്‍ സ്വദേശികളായ കെ.കെ.ബഷീറും ജാസ്മിനും. എങ്കിലും ഇതിലൊരു കൗതുകമുണ്ട്.

കൊച്ചി കളമശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുരുവി ബഷീറിന്റെയും ജാസ്മിന്റെയും രണ്ടാമത്തെ മകളാണ്. ഓര്‍മവച്ച കാലം മുതല്‍ കുരുവി ബോഡി ഷെയ്മിങ് നേരിട്ടതായി പറയുന്നു. അഞ്ചാം വയസുമുതല്‍ നൃത്തം പഠിച്ചെങ്കിലും, നിറവും വണ്ണവും മുന്‍നിര്‍ത്തി അവളുടെ കഴിവുകള്‍ പരിഗണിക്കാന്‍ ആളുകള്‍ വിസമ്മതിച്ചു. കുരുവിയുടെ ഇരുണ്ട നിറവും മെലിഞ്ഞ ശരീരവും ചൂണ്ടിക്കാട്ടി പല വേദികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു. അവഗണന സഹിക്കവയ്യാതെ സ്‌കൂള്‍ വിട്ടുവന്ന കുരുവി സ്വന്തം മുഖത്തേക്ക് തിളച്ച വെള്ളം ഒഴിക്കാന്‍ ശ്രമിച്ചു. പൊള്ളിയ ഭാഗങ്ങളിലെ തൊലി വെളുത്ത് വരുമെന്നായിരുന്നു കുരുവി വിശ്വസിച്ചത്. എന്നാല്‍ അമ്മ കണ്ടതുകൊണ്ട് വലിയൊരു അപകടം ഒഴിവായി. ഡാന്‍സിനൊപ്പം ജിംനാസ്റ്റിക്സും കുരുവിക്ക് വശമുണ്ട്.

കുരുവിയുടെ ജീവിതം മാറ്റിമറിച്ചത് മാതാപിതാക്കളാണ്. അവര്‍ നല്‍കിയ പ്രചോദനമാണ് പല വേദികളും കീഴടക്കാന്‍ അവളെ സഹായിച്ചത്. സ്വന്തം കഴിവിലുള്ള വിശ്വാസം കേരളത്തിനു പുറത്തും അവസരങ്ങള്‍ നല്‍കി. മലയാളത്തിലെ പല പ്രമുഖ ചാനലുകള്‍ക്ക് പുറമെ തമിഴിലും കന്നടയിലുമുള്ള റിയാലിറ്റി ഷോകളില്‍ വിജയം നേടി. തമിഴ്നാട്ടില്‍ നടന്ന പരിപാടിക്കിടെ കുരുവിയുടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ട അന്നത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വം ‘കുരുവി പാപ്പ’ എന്ന് വിളിച്ചതോടെയാണ് സിനിമയ്ക്ക് ആ പേരിടാന്‍ ബഷീര്‍ തീരുമാനിച്ചത്.

‘സിനിമയെ സ്വപ്നമാക്കി നടന്നു. ഇപ്പോള്‍ എന്റെ ജീവിതം തന്നെ സിനിമയാക്കുകയാണ് മാതാപിതാക്കള്‍. എന്നെ കളിയാക്കിയിരുന്ന അതേ ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോള്‍ അഭിനന്ദിക്കുന്നു. ഇതെല്ലാം കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്,’ കുരുവി പറയുന്നു.

ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ചെറിയ പരിഭ്രാന്തി ഉള്ളതായി കുരുവി പറയുന്നു. എന്നാല്‍ താന്‍ ജീവിതത്തില്‍ അനുഭവിച്ച അതേകാര്യങ്ങള്‍ തന്നെയാണ് ക്യാമറയ്ക്കു മുമ്പിലും അവതരിപ്പിക്കുന്നത് എന്നതിനാല്‍ പേടി തോന്നിയില്ലെന്ന് കുരുവി കൂട്ടിച്ചേര്‍ത്തു. കുരുവിയുടെ അമ്മ ജാസ്മിനും അമ്മാവന്‍ ബിസ്മിത നിലമ്പൂരും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. കുരുവിയുടെ അച്ഛന്‍ ബഷീറിനൊപ്പം കെ. ഖാലിദും യു.കെ.റഹീമും ചേര്‍ന്ന് രണ്ടരക്കോടി ചിലവിലാണ് സിനിമ നിര്‍മ്മിച്ചത്. വിനീത്, മുക്ത, ലാല്‍ ജോസ്, കൊല്ലം സുധി, നീരജ് മാധവ്, ജോണി ആന്റണി, കൈലാഷ്, ഷെല്ലി കിഷോര്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാര്‍ച്ച് ഒന്നിന് സിനിമ ഇറങ്ങുന്നതോടെ കുരുവിയുടെ തലവര തെളിയുമെന്ന് പറഞ്ഞ സംവിധായകന്‍ ലാല്‍ ജോസിന്റെ വാക്കുകളിലുള്ള വിശ്വാസത്തിലാണ് പിതാവ് ബഷീര്‍.