സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കേരളാ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം കേരള ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു.

1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. വില്ല്, പ്രേംനസീറിനെ കാണാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാല മേഘം, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍. 1992ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലൂടെ നേടിയെടുത്തു. 1996 ല്‍ വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കുലത്തിലൂടെ അദ്ദേഹത്തെ തേടിയെത്തി. ഡോ. രമണിയാണ് ഭാര്യ. പാര്‍വ്വതി, ഗൗതമന്‍ എന്നിവര്‍ മക്കളാണ്.