‘ജോസഫ്’ ഫാന്‍സിന്റെ ചെണ്ടകൊട്ടില്ലാതെയും കോടികള്‍ മുടക്കാതെയുമുള്ള ഒരു നല്ല സിനിമ-ശ്രീകുമാരന്‍ തമ്പി

2018 ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് പത്മകുമാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് നായകനായെത്തിയ ജോസഫ്. വിരമിച്ച ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു ജോജു ചിത്രത്തില്‍ അഭിനയിച്ചത്. ഷാബി കബീറാണ് ജോസഫിന് തിരക്കഥ ഒരുക്കിയത്. കുടുംബ പ്രേക്ഷകര്‍ക്ക് അടക്കം ഇഷ്ടപ്പെട്ട സിനിമ ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ജോസഫ് കണ്ടതിന് ശേഷം എഴുത്തുകാരനും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഫാന്‍സ് അസോസിയേഷന്റെ പിന്തുണ ഇല്ലാതെ നല്ല സിനിമ ഉണ്ടാക്കിയതിന് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായിട്ടാണ് ശ്രീകുമാരന്‍ തമ്പി എത്തിയിരിക്കുന്നത്.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്..

തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ ജോസഫ് എന്ന സിനിമ കണ്ടത്. അതി മനോഹരമായ ഒരു കൊച്ചു ‘വലിയ’ സിനിമ’. വലിയ താരങ്ങള്‍ അഭിനയിക്കുന്ന ‘വലിയ’ സിനിമകളില്‍ കൊച്ചു വേഷങ്ങളില്‍ ഞാന്‍ ജോജുവിനെ കണ്ടിട്ടുണ്ട് സ്‌നേഹപൂര്‍വം ശ്രദ്ധിച്ചിട്ടുണ്ട്. കൊടിയ നഷ്ടം നിമിത്തം നിര്‍മ്മാണ രംഗത്തു നിന്നു മാറി നില്‍ക്കുന്നതു കൊണ്ട് അതു മനസ്സില്‍ സൂക്ഷിക്കുക മാത്രം ചെയ്തു. പത്മകുമാര്‍ മികച്ച സംവിധായകനാണ്. കൃത്യതയാണ് ആ സൃഷ്ടിയുടെ പ്രധാന ഗുണം. ഫാന്‍സ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങള്‍ ഇല്ലാതെയും കോടികള്‍ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം… അഭിനന്ദനം, പുതിയ സംഗീത സംവിധായകനും എന്റെ സ്വീകരണം. മെലഡി എന്താണെന്നു കാണിച്ചു തന്നതിന്…. സിനിമയോട് സ്‌നേഹമുള്ളവര്‍ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം