
1996ൽ പുറത്തിറങ്ങിയ ‘ലാളനം’ എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെടാൻ കാരണം ചിത്രത്തിലെ നായകൻ സിദ്ദിഖിന്റെ വ്യക്തിജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും നിർമ്മാണത്തിലെ പരിചയക്കുറവുമാണെന്ന് നടൻ രാഹുൽ മോഹൻ. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നല്ല പ്രമേയമുണ്ടായിരുന്ന ചിത്രമായിരുന്നു ‘ലാളനം’. എന്നാൽ റിലീസ് വേളയിൽ സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ നായകനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെ ബാധിക്കുകയും ഫാമിലി പ്രേക്ഷകർ തിയേറ്ററിൽ നിന്നകലുവാൻ കാരണമാവുകയും ചെയ്തു.
ദുബായിൽ നാടകപ്രവർത്തനങ്ങൾ ചെയ്തിരുന്ന പിതാവ് സിനിമയിലേക്കും തന്നെ നായകനാക്കാനും തീരുമാനിച്ചതോടെയാണ് രാഹുൽ സിനിമയിലെത്തുന്നത്. ഊട്ടിയിൽ ചിത്രീകരിച്ച സിനിമയുടെ കൺട്രോളിങ് നിർവഹിച്ചതും രാഹുലും കൂട്ടുകാരും ചേർന്നായിരുന്നു. പരിചയക്കുറവ് മൂലം പിതാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഈ നിർമ്മാണം സമ്മാനിച്ചത്. സിനിമ വിജയിച്ചിരുന്നെങ്കിൽ പിതാവ് കൂടുതൽ സിനിമകൾ ചെയ്യുമായിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
‘ലാളനത്തിനു’ ശേഷം വിനീത് നായകനായ ‘കളിപ്പാട്ട’ത്തിലെ വേഷത്തിനായി ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല. പിന്നീട് സീരിയൽ ലോകത്തേക്ക് ചുവടുവെച്ച രാഹുൽ ‘ശ്രീ മഹാഭാഗവതം’, ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ തുടങ്ങിയ പ്രൊജക്ടുകളിലൂടെയാണ് സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ശാന്തി കൃഷ്ണ, വിനയ പ്രസാദ്, ബേബി ശ്യാമിലി തുടങ്ങിയ പ്രമുഖ താരങ്ങളും ‘ലാളനത്തിൽ അണിനിരന്നിരുന്നു.
രാഹുലിന്റെ വാക്കുകൾ
സിനിമയിലേക്ക് എൻട്രിയാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കാരണം അച്ഛൻ നിർമ്മിക്കുന്ന പടത്തിൽ എനിക്കൊരു വേഷമുണ്ടാകുമല്ലോ. അച്ഛൻ മുമ്പ് നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കലയോട് താൽപര്യമായിരുന്നു. പിന്നീട് അച്ഛൻ ദുബായിലേക്ക് പോയി. അവിടെയും ചെറിയ ഗ്രൂപ്പുകളൊക്കെയാക്കി നാടകവും മറ്റും ചെയ്തു. ശേഷമാണ് സിനിമ എടുക്കണമെന്ന ആഗ്രഹം അച്ഛന് വരുന്നതും എന്നെ ഒരു സിനിമയിൽ ഹീറോയാക്കണം എന്ന തോന്നലുണ്ടാകുന്നതും.
സിനിമ എടുക്കുകയാണെങ്കിൽ മോനെ വെച്ച് തന്നെ ഒരു സിനിമ എടുത്തൂടേയെന്ന് കൂട്ടുകാരും അച്ഛനോട് ചോദിച്ചിരുന്നു. സ്കൂൾ കാലത്ത് സ്കിറ്റുകളിൽ പെർഫോം ചെയ്തിട്ടുണ്ട് എന്നല്ലാതെ മറ്റ് പരിചയ സമ്പത്തൊന്നും എനിക്കുണ്ടായിരുന്നില്ല. പിന്നെ ഒന്നും അറിയാത്തതുകൊണ്ട് ആദ്യത്തെ സിനിമ ചെയ്യുമ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നില്ല. ലാളനം ആയിരുന്നു സിനിമ.
അച്ഛൻ വല്ലപ്പോഴും സെറ്റിൽ വന്ന് പോവുക മാത്രമെ ചെയ്തിരുന്നുള്ളു. ഞാനും കൂട്ടുകാരും കൂടെയായിരുന്നു പടത്തിന്റെ കൺട്രോളിങ്. അന്ന് എനിക്ക് ഇരുപത് ഇരുപത്തൊന്ന് വയസ് മാത്രമെയുള്ളു. ഊട്ടിയായിരുന്നു സിനിമയുടെ ലൊക്കേഷൻ. ഞങ്ങൾക്കൊരു ട്രിപ്പ് പോലെയായിരുന്നു. ബേബി ശ്യാമിലിയുമായുള്ള കോമ്പിനേഷൻ സീനായിരുന്നു സിനിമയിലെ എൻ്റെ ഇൻട്രൊഡക്ഷൻ സീൻ. ഈ സിനിമ ചെയ്തശേഷമാണ് നായകനായി അഭിനയിക്കണമെന്ന ആഗ്രഹം എനിക്ക് വന്ന് തുടങ്ങിയത്.
അതിനിടയിലാണ് സീരിയലിലേക്ക് അവസരം വന്നത്. അന്ന് സീരിയലും എനിക്ക് പുതിയ അനുഭവമായിരുന്നു. കാരണം സീരിയലിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ലാളനം സിനിമ പക്ഷെ സാമ്പത്തികമായി കാര്യമായി വിജയിച്ചില്ല. സിനിമയുടെ റിലീസിങിന്റെ സമയത്തായിരുന്നു നടൻ സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ.
പുള്ളിയായിരുന്നല്ലോ സിനിമയിലെ ഹീറോ. അതോടെ ബാഡ് ഇംപ്രഷൻ വരികയും ഫാമിലി ഓഡിയൻസ് തിയേറ്ററിൽ കയറാതെ വരികയുമായിരുന്നു. നല്ല സബ്ജക്ടുള്ള സിനിമയായിരുന്നു. പക്ഷെ വിജയിച്ചില്ല. അച്ഛന് ഭയങ്കര വിഷമമായിരുന്നു. ആ സിനിമ വിജയിച്ചിരുന്നുവെങ്കിൽ തുടർന്നും അച്ഛൻ സിനിമ എടുക്കുമായിരുന്നു. സിനിമ അറിയാത്ത മേഖലയായതുകൊണ്ട് ഒരുപാട് പൈസ നഷ്ടപ്പെട്ടിട്ടുണ്ട്.
ഒരുപാട് കാര്യങ്ങൾ സിനിമയിൽ നിന്നും പഠിച്ചു. മൂന്ന് ഷെഡ്യൂൾ ആയിട്ടാണ് സിനിമ എടുത്തത്. തുടർന്നും സിനിമയിൽ അഭിനയിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ ആരും ശ്രദ്ധിച്ചില്ല. കളിപ്പാട്ടത്തിൽ വിനീത് ചെയ്ത കഥാപാത്രത്തിന്റെ ഓഡീഷന് വേണ്ടി ഞാൻ പോയിട്ടുണ്ട്. അവസാനം വിനീത് തന്നെ ചെയ്തു.
പുതുമുഖങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു ആദ്യം അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. അതിന് വേണ്ടിയാണ് ഓഡിഷൻ നടത്തിയതും. ആ സീൻ കാണുമ്പോൾ എനിക്ക് കിട്ടേണ്ട സീനായിരുന്നല്ലോ എന്ന് തോന്നാറുണ്ട്.
സിദ്ധിഖിനും ബേബി ശ്യാമിലിക്കും പുറമെ ജഗതി ശ്രീകുമാർ, വിനയ പ്രസാദ്, ഇന്നസെന്റ്, ശാന്തി കൃഷ്ണ, എംഎസ് തൃപ്പൂണിത്തുറ, ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് ലാളനത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.