വെറുപ്പ് ഒരു തരി മതി…തീയായ് ആളി കത്തും

പുതിയ കാലത്തോട് ചേര്‍ന്ന് നിന്ന് വളരെ ശക്തമായ പ്രമേയം ധൈര്യപൂര്‍വം കൈകാര്യം ചെയ്ത സിനിമയാണ് സുപ്രിയാ മേനോന്‍ നിര്‍മ്മിച്ച കുരുതി. ആമസോണ്‍ റിലീസ് ചെയ്ത ചിത്രം തിരക്കഥയുടെ കെട്ടുറപ്പിനാലും മെയ്ക്കിംഗിലെ ചടുലതയാലും മികച്ച അനുഭവമാണ് നല്‍കുന്നത്. തൊട്ടാല്‍ പൊള്ളുന്ന സമുദായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന എല്ലാവിധത്തിലുള്ള സൂക്ഷ്മതയും പുലര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തില്‍പെട്ട് ഈയാംപാറ്റകളെ പോലെ മരിച്ചു വീഴുന്ന മനുഷ്യരെ പച്ചയോടെ വരച്ചിടുന്നുണ്ട് കുരുതി. മനുഷ്യന്‍മാര്‍ രണ്ട് കാലില്‍ നടക്കാന്‍ തുടങ്ങിയ സമയം മുതല്‍ തമ്മില്‍ തല്ലും കൊലയുമുണ്ടായെന്ന് വസ്തുതയെ അതിന്റെ തീവ്രതയോടെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായി പ്രേക്ഷകനെ ആദ്യാവസാനം പിടിച്ചിരുത്തുന്ന എല്ലാ ചേരുവകളേയും ചേര്‍ത്ത് നിര്‍ത്തിയ ചിത്രമാണ് കുരുതി. റോഷന്‍ മാത്യു, .മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങീ എല്ലാ താരങ്ങളുടേയും കാസ്റ്റിംഗ് ഒന്നിനൊന്ന് മികച്ചതായിരുന്നു. മാമുക്കോയ എന്ന നടന്‍ ആദ്യാവസാനം തകര്‍ത്ത് അഭിനയിച്ച ചിത്രം കൂടെയാണ് കുരുതി. നവാസ് വള്ളിക്കുന്ന് എന്ന നടന്‍ ഒരു സംഭാഷണം പോലുമില്ലാതെ കഥാപാത്രത്തെ വരച്ചിട്ടത് ആ നടനില്‍ നിന്ന് അനന്ത സാധ്യതകളുണ്ടെന്ന് കാണിച്ച് തരുന്നു. സമീപകാലത്തെ മികച്ച പ്രകകടനങ്ങളിലൊന്നാണ് പൃഥി കുരുതിയിലൂടെ അവതരിപ്പിച്ചത്.

വെറുപ്പ് ഒരു തരി മതി, അതൊരു തിരിയായി ആളി കത്തും, ഒടുവില്‍ ജയിച്ചൂന്ന് നമ്മള്‍ നമ്മളോട് തന്നെ പറയുമ്പോഴേക്കും ആ തീയില്‍ നമ്മള്‍ തന്നെ വീണ് മരിയ്ക്കും എന്ന് ചിത്രം കാണിച്ച് തരുന്നു. ചിത്രത്തില്‍ ടൂള്‍ ഏത് കഥാപാത്രമേത് എന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള തിരക്കഥാമികവിനൊപ്പമുള്ള മനുവാര്യരുടെ സംവിധാന മികവിന് കയ്യടിക്കാം. നിങ്ങള്‍ കണ്ണാടിയയിലെന്ന പോലെ നിങ്ങളുടെ ഉള്ളില്‍ വെറുപ്പിന്റെ ഒരു കണമെങ്കിലുമുണ്ടെങ്കില്‍ അത് ആളി കത്തുന്നുണ്ടോ എന്ന പരിശോധന നടത്താനും ചിത്രം സഹായിക്കും. ബലി മൃഗങ്ങളെ പോലെ പിടഞ്ഞ് വീഴാന്‍ ഒരുങ്ങുന്ന തലമുറയ്ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് സിനിമ. സിനിമയിലെ രംഗങ്ങള്‍ വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല. മറിച്ച് മനുഷ്യനാകണമെന്ന ചിന്തയാണ് പങ്കുവയ്‌ക്കെുന്നത്. അഭിനന്ദന്‍ രാമാനുജന്റെ ക്യാമറയും ജേക്‌സ് ബിജോയുടെ സംഗീതവും സിനിമയിലെ സംഘര്‍ഷത്തെ നിലനിര്‍ത്താന്‍ സഹായിച്ച ഘടകങ്ങളാണ്. മാഫിയ ശശിയുടെ സംഘട്ടന രംഗങ്ങളും നന്നായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ ചിത്രത്തിന്റെ ആശയത്തിനൊപ്പം സഞ്ചരിച്ചു.